മകനെ റിപ്പോര്‍ട്ട് തീറ്റിച്ചതിന് ശിക്ഷ!

പാരിസ്| അവിനാഷ്. ബി|
മകന്റെ പരിതാപകരമായ സ്കൂള്‍ റിപ്പോര്‍ട്ട് കണ്ട് കോപാകുലനായ പിതാവ് മൂന്ന് താളുകള്‍ വരുന്ന റിപ്പോര്‍ട്ട് മകനെക്കൊണ്ട് തീറ്റിച്ചു! ഫ്രാന്‍സില്‍ നടന്ന സംഭവം കോടതിയിലെത്തി, പിതാവിന് രണ്ട് മാസം ജയില്‍ ശിക്ഷയും ലഭിച്ചു.

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പോയിറ്റിയേഴ്സിലാണ് സംഭവം നടന്നത്. മകന്റെ സ്കൂള്‍ റിപ്പോര്‍ട്ടില്‍ പുരോഗതിയൊന്നും കാണാത്തതിനാല്‍ നിയന്ത്രണം നഷ്ടമായെന്ന് പിതാവ് കോടതിയില്‍ സമ്മതിച്ചു. കുറ്റസമ്മതം നടത്തിയതിനാല്‍ പ്രൊബേഷന്റെ അടിസ്ഥാനത്തിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചത്. പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റം ആവര്‍ത്തിക്കാതിരുന്നാല്‍ പിതാവിന് ജയില്‍ അനുഭവിക്കേണ്ടി വരില്ല.

സ്കൂള്‍ റിപ്പോര്‍ട്ട് കണ്ട് കോപാന്ധനായ പിതാവ് മകനോട് അത് ചവച്ചിറക്കാന്‍ ആവശ്യപ്പെട്ടു. ഭയചകിതനാ‍യ കുട്ടി അത് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും മൂന്ന് താള്‍ വരുന്ന റിപ്പോര്‍ട്ട് അകത്താക്കാന്‍ നന്നേ ബുദ്ധിമുട്ടി, ഇതുകണ്ടിട്ടും പിതാവിന്റെ മനസ്സലിഞ്ഞില്ല. വിരല്‍ ഉപയോഗിച്ച് കുട്ടിയുടെ വായിലേക്ക് റിപ്പോര്‍ട്ട് തള്ളിക്കയറ്റിയാണ് പിതാവ് ശിക്ഷാവിധി ഭംഗിയായി നടപ്പാക്കിയത്.

അടുത്ത ദിവസം ചുണ്ടുകള്‍ പൊട്ടിയും കണ്‍‌തടം കരുവാളിച്ചും സ്കൂളിലെത്തിയ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം കോടതിയിലെത്തിയതെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മകന് പ്രതീകാത്മക നഷ്ടപരിഹാരമായി ഒരു യൂറോ നല്‍കാനും കോടതി ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :