‘മരണത്തിന്റെ മൊബൈല്‍ നമ്പര്‍‘ റദ്ദാക്കി!

ലണ്ടന്‍| WEBDUNIA|
PRO
മരണത്തിലേക്കുള്ള മണിനാദം മുഴക്കുന്ന ഒരു മൊബൈല്‍ നമ്പര്‍ ബള്‍ഗേറിയന്‍ മൊബൈല്‍ കമ്പനിയായ ‘മൊബിടെല്‍’ റദ്ദാക്കി! കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 0888 888 888 എന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചവരെല്ലാം മരണത്തിനു കീഴടങ്ങിയതാണ് ഈ നമ്പര്‍ ഇനി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

മൊബിടെല്‍ സി‌ഇ‌ഒ ആയിരുന്ന വ്ലാദിമിര്‍ ഗ്രാഷ്നോവ് ആയിരുന്നു ഈ നമ്പറിന്റെ ആദ്യ ഇര. 2001ല്‍ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ അര്‍ബുദം ബാധിച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി. പിന്നീട്, ബള്‍ഗേറിയന്‍ മാഫിയ രാജാവ് കോണ്‍സ്റ്റാന്റിന്‍ ഡിമിട്രോവ് ഈ നമ്പര്‍ സ്വന്തമാക്കി. 2003ല്‍ തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ ഇയാള്‍ വെടിയേറ്റു മരിച്ചു. ഡിമിട്രോവ് ഒരു മോഡലുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റു മരിച്ചത്.

പീന്നീട് ഈ ‘മരണ നമ്പര്‍’ വ്യാപാര പ്രമുഖനായ കോണ്‍സ്റ്റാന്റിന്‍ ഡിഷ്‌ലിയേവിനു ലഭിച്ചു. 2005ല്‍ ബല്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ ഒരു ഇന്ത്യന്‍ ഭക്ഷണശാലയ്ക്ക് വെളിയില്‍ വച്ച് ഡിഷ്‌ലിയേവും വെടിയേറ്റു മരിച്ചു. ഇതോടെ, ഈ നമ്പറിനുള്ള അശുഭ ലക്ഷണം മനസ്സിലാക്കി കമ്പനി നമ്പര്‍ വേണ്ടെന്നു വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാല്‍ നെറ്റ്‌വര്‍ക്ക് കവറേജിലില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. പക്ഷേ കമ്പനി അധികൃതര്‍ നമ്പര്‍ റദ്ദാക്കിയതിനെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :