കൊറിയകള്‍ വീണ്ടും പിരിയുന്നു

സോള്‍| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (09:55 IST)
ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായതോടെ സോളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കി.

രണ്ടു രാഷ്ട്രങ്ങളുടെയും സംയുകത സഹകരണത്തോടെ ആരംഭിച്ച ഒരു വ്യവസായ സോണില്‍ നിന്ന് ദക്ഷിണകൊറിയന്‍ തൊഴിലാളികളെ വടക്കന്‍ പുറത്താക്കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുംഗ് ബാകും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍.

പ്യോജി‌യാംഗുമായുള്ള എല്ലാ വ്യാപാരക്കരാറുകളും ദക്ഷിണകൊറിയ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. യുഎസിന്‍റെയും കൊറിയയുടെയും ഒരു സംയുക്ത സേനാ അഭ്യാസ പ്രകടനം ഈ ആഴ്ച നടക്കാനിരിക്കെ മേഖലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ദക്ഷിണ കൊറിയ തുടര്‍ച്ചയായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നതായാണ് പ്യോജി‌യാംഗ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൈനിക നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും വടക്കന്‍ കൊറിയ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം ഉത്തരകൊറിയയുടെ ആരോപണം സോള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി അവര്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചു.

കഴിഞ്ഞ മാസം ഒരു ദക്ഷിണ കൊറിയന്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. കപ്പല്‍ മുങ്ങിയതിന് പിന്നില്‍ വടക്കന്‍ കൊറിയയാണെന്നായിരുന്നു ദക്ഷിണകൊറിയയുടെ ആരോപണം. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ റഷ്യയും യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :