തുര്‍ക്കിയും ബ്രസീലുമായി ഇറാന്‍ ആണവകരാറില്‍ ഒപ്പിട്ടു

ടെഹ്‌റാന്‍:| WEBDUNIA| Last Modified ചൊവ്വ, 18 മെയ് 2010 (09:58 IST)
ആണവായുധ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ കടുത്ത നിലപാട് പുലര്‍ത്തുന്ന പാശ്ചാത്യരാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഇറാന്‍ ബ്രസീലുമായും തുര്‍ക്കിയുമായും യുറേനിയം സമ്പുഷ്ടീകരണ കരാറില്‍ ഒപ്പിട്ടു. താഴ്ന്ന നിരക്കില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തുര്‍ക്കിയിലേക്ക് കയറ്റി അയച്ച് കൂടിയ നിരക്കില്‍ സമ്പുഷ്ടീകരിച്ച് തിരികെ വാങ്ങാന്‍ ലക്‍ഷ്യമിട്ടുള്ളതാണ് കരാര്‍ .

യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച് ഇറാനുമായി ധാരണയുണ്ടാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ടെ‌ഹ്‌റാന്‍ ഇത്തരത്തില്‍ നീങ്ങിയത്. ബ്രസീലും തുര്‍ക്കിയും സംയുക്തമായിട്ടാകും ഇറാന്‍ നല്‍കുന്ന ഇന്ധനം സമ്പുഷ്ടീകരിക്കുക. തുര്‍ക്കിയില്‍ വെച്ചാകും സമ്പുഷ്ടീകരണം. ഇരുപത് ശതമാനം സമ്പുഷ്ടീകരിച്ച ഇന്ധനമായിരിക്കും ഇറാന് തിരികെ ലഭിക്കുക.

കരാര്‍ ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് വിവരം.നേരത്തെ ആണവസമ്പുഷ്ടീകരണം സംബന്ധിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനുമായി ധാരണയുണ്ടാക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. റഷ്യയിലും മറ്റും ഇന്ധനം സമ്പുഷ്ടീകരിക്കാമെന്ന് ഈ രാജ്യങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും സമ്പുഷ്ടീകരിച്ച ഇന്ധനം ഇറാനില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്.

ഏതെങ്കിലും കാരണത്താല്‍ സമ്പുഷ്ടീകരണത്തിന് മുടക്കം വരികയോ നടക്കാതെ വരികയോ ചെയ്താല്‍ കയറ്റി അയയ്ക്കുന്ന ഇന്ധനം തുര്‍ക്കി തിരിച്ചയയ്ക്കുമെന്നും ഇതിനുള്ള വ്യവസ്ഥയും കരാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മനൌഷര്‍ മൊറ്റാക്കി പറഞ്ഞു. ഇറാന്‍ പ്രസിഡന്‍റ് മഹമൂദ് അഹമ്മദി നെജാദ് ബ്രസീലിയന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ തുര്‍ക്കി പ്രധാനമന്ത്രി റെസേപ് തയ്യിപ് എര്‍ഡോഗന്‍ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍‌കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകളില്‍ ഇറാന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമം നടത്തുന്നതിനിടെയാണ് യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന്‍ പുതിയ കരാര്‍ ഒപ്പിട്ടത്. 1200 കിലോ യുറേനിയം ആയിരിക്കും ഇറാന്‍ സമ്പുഷ്ടീകരണത്തിനായി കയറ്റി അയയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :