എച്ച് 1 എന്‍ 1: സ്ഥിതി അവലോകനം ചെയ്യും

ജനീവ| WEBDUNIA| Last Modified ചൊവ്വ, 11 മെയ് 2010 (18:17 IST)
PRO
ലോകമൊട്ടാകെ ഭീതി പരത്തിയ എച്ച് 1 എന്‍ 1 വൈറസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോക രാജ്യങ്ങളില്‍ എച്ച് 1 എന്‍ 1 വൈറസുകള്‍ നിലവില്‍ എത്രത്തോളമുണ്ടെന്നാണ് സംഘടന രൂപം നല്‍കുന്ന വിദഗ്ധസമിതി പരിശോധിക്കുക.

ഈ മാസം ഒടുവിലോ ജൂണ്‍ ആദ്യമോ പരിശോധന ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ തണുപ്പുകാലാവസ്ഥ അവസാനിക്കാനാണ് കാത്തിരിക്കുന്നതെന്നും സംഘടനാ വക്താവ് ഗ്രിഗറി ഹാര്‍ത്തല്‍ വ്യക്തമാക്കി.

അടുത്ത ആഴ്ച ലോകാരോഗ്യസംഘടനയുടെ ഭരണസമിതി യോഗം ചേരുന്നുണ്ടെന്നും ഇതില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ഹാര്‍ത്തല്‍ വിശദീകരിച്ചു. എച്ച് 1 എന്‍ 1 വൈറസുകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വാക്സിനുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടോ എന്നും സംഘം പരിശോധിക്കും.

കഴിഞ്ഞ ഏപ്രിലിലാണ് എച്ച് 1 എന്‍ 1 വൈറസുകള്‍ പകര്‍ച്ചവ്യാധിയായി ലോകജനതയ്ക്ക് ഭീഷണി ഉയര്‍ത്തിയത്. 18,000 പേര്‍ ലോകമൊട്ടാകെ എച്ച് 1 എന്‍ 1 ബാധയാല്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :