വസീരിസ്ഥാനില്‍ യു‌എസ് ഡ്രോണ്‍ ആക്രമണം

ഇസ്ലാമാബാദ്| WEBDUNIA| Last Modified ചൊവ്വ, 11 മെയ് 2010 (12:40 IST)
PRO
പാക് താലിബാന്‍ സംഘത്തിന്‍റെ പ്രധാന ശക്തികേന്ദ്രമായ വടക്കന്‍ വസീരിസ്ഥാനില്‍ യു‌എസ് സേന ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തി. 14 ഓളം തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

പന്ത്രണ്ടോളം ഡ്രോണ്‍ മിസൈലുകളാണ് ഈ മേഖലയില്‍ യു‌എസ് സേന വര്‍ഷിച്ചത്. വടക്കന്‍ വസീരിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ മിറാന്‍ഷായ്ക്ക് 30 കിലോമീറ്റര്‍ മാറി ദറ്റാഖേല്‍ ഗ്രാമപ്രദേശത്തായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ പാക് താലിബാന്‍റെ മുന്‍ നിര നേതാക്കള്‍ ആരെങ്കിലുമുണ്ടോ എന്നും വ്യക്തമായിട്ടില്ല.

തീവ്രവാദികള്‍ യാത്ര ചെയ്തിരുന്നു ഒരു വാഹന വ്യൂഹവും തീവ്രവാദികള്‍ തമ്പടിച്ചിരുന്ന ഒരു വിജനപ്രദേശവും ലക്‍ഷ്യമിട്ടായിരുന്നു യു‌എസിന്‍റെ ആക്രമണം. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ചതിന്‍റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. ഇതാണ് പാക് താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ വീണ്ടും പോരാട്ടം ശക്തമാക്കാന്‍ യു‌എസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ഞായറാ‍ഴ്ച വസീരിസ്ഥാനില്‍ യു‌എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് താലിബാനെതിരെ തുടര്‍ന്നും സമാനമായ ആക്രമണത്തിന് യു‌എസ് സേന തയ്യാറെടുക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :