രാഹുലിന്‍റെ അമേഠിയില്‍ ബില്‍ ഗേറ്റ്സിന്‍റെ രഹസ്യസന്ദര്‍ശനം

ലക്നോ| WEBDUNIA|
PRO
സുഹൃത്തും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് മിലിബന്‍ഡ് വന്നതിന്‍റെയും പോയതിന്‍റെയും ആരവങ്ങളും വിവാദങ്ങളും അടങ്ങിയപ്പോള്‍ രാഹുലിന്‍റെ അമേഠിയിലേക്ക് പുതിയൊരു വി ഐ പി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് മണ്ഡലമായ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ ലോകപണക്കാരന്‍ ബില്‍ ഗേറ്റ്സ് ഇന്നെത്തും. അമേഠിയിലെ ഈ വി ഐ പി കറക്കം രാഹുലിന്‍റെ സുരക്ഷാ ചുമതലയുള്ളവരുള്‍പ്പെടെ ഏറ്റവും അടുത്ത ചിലര്‍ക്ക് മാത്രമാണ് അറിയാവുന്നതെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും ബില്‍ ഗേറ്റ്സിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ല. മാധ്യമങ്ങളില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചിരിക്കുകയാണ്.ഏതായാലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബന്‍ഡിന് നല്കിയ രീതിയിലുള്ള സല്‍ക്കാരമാണ് ബില്‍ ഗേറ്റ്സിനും രാഹുല്‍ ഒരുക്കുന്നതെന്നാണ് സൂചന.

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മിലിബന്‍ഡിനെയും അമേഠിയിലേക്ക് ആയിരുന്നു രാഹുല്‍ സ്വീകരിച്ചത്. അമേഠി സന്ദര്‍ശിച്ച് അന്നു രാത്രി ഇരുവരും ഒരു ദളിത് സ്ത്രീയുടെ വീട്ടില്‍ അന്തിയുറങ്ങിയത് വാര്‍ത്തയും ഒപ്പം വിവാദവുമായിരുന്നു.

അതേസമയം, തന്‍റെ മണ്ഡലത്തിലെത്തുന്ന ബില്‍ ഗേസ്റ്റ്സുമായി മണ്ഡലത്തിലുള്ള സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സംവാദമൊരുക്കാനും രാഹുല്‍ ആലോചിക്കുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശിലെ ഫര്‍സാഗഞ്ചില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന രാഹുലും ബില്‍ ഗേറ്റ്സും അവിടെ നിന്ന് റോഡ് ഗതാഗതം മുഖേന അമേഠിയിലേക്ക് പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :