ലാദന്‍ എവിടെ? പാകിസ്ഥാനറിയാമെന്ന് യു എസ്

വാഷിംഗ്ടണ്‍| WEBDUNIA|
അല്‍‌ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ എവിടെയാണെന്ന് പാകിസ്ഥാന്‍ ഭരണകൂടത്തിന് അറിയാമെന്ന് അമേരിക്ക. പാക് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ലാദനും മുല്ല ഒമറും എവിടെയുണ്ടെന്ന് അറിയാമെന്നാണ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ തുറന്നടിച്ചത്.

ലാദനെ നിയമത്തിനു മുന്നില്‍ എത്തിക്കാനാവശ്യമായ സഹായങ്ങള്‍ പാകിസ്ഥാന്‍ നല്‍കുമെന്ന പ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളതെന്നും ഹിലരി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇപ്പോള്‍ തന്നെ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ക്കൂടുതല്‍ പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നു - ഹിലരി വ്യക്തമാക്കി.

“പാക് ഭരണകൂടത്തിലെ ഉന്നതര്‍ക്ക് ലാദനെക്കുറിച്ചോ ഒമറിനെക്കുറിച്ചോ കൂടുതല്‍ അറിയാമെന്നല്ല പറയുന്നത്. പക്ഷേ, ചില ഉദ്യോഗസ്ഥര്‍ക്ക് അറിയാം എന്നത് വ്യക്തമാണ്. 9/11 ആക്രമണത്തിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പാകിസ്ഥാനില്‍ നിന്ന് കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നു.” - ഹിലരി പറഞ്ഞു.

ടൈംസ്‌ സ്ക്വയറില്‍ ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. പാകിസ്ഥാന്‍ സ്വദേശിയായ ഒരു അമേരിക്കന്‍ പൌരനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങളും നീക്കങ്ങളും പാകിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :