പാകിസ്ഥാന്‍ ആണവവാഹക മിസൈലുകള്‍ പരീക്ഷിച്ചു

ഇസ്ലാമാബാദ്‌| WEBDUNIA| Last Modified ശനി, 8 മെയ് 2010 (16:55 IST)
PRO
ആണവ വാഹക ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്‍ പരീക്ഷിച്ചു. മധ്യദൂര ബാലിസ്റ്റിക് മിസൈലുകളായ ഷഹീന്‍-1, ഘാസ്നാവി മിസൈലുകളാണ് പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചത്. തുല്യ അവകാശവും ഉത്തരവാദിത്വവുമുള്ള ഒരു ആണവശക്തിയായി പാകിസ്ഥാനെ ലോകം ആദ്യമായി അംഗീകരിച്ചിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.

690 കി.മീറ്റര്‍ ദൂരപരിധിയുള്ളതാണ് ഷഹീന്‍-1 മിസൈലുകള്‍, 290 കിലോമീറ്റര്‍ ദൂരപരിധിയാണ് ഘാസ്നാവി മിസൈലുകള്‍ക്ക് ഉള്ളത്. സൈന്യത്തിന്‍റെ വാര്‍ഷിക പരിശീലനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരീക്ഷണമെന്നാണ് വിവരം. ഗിലാനിയുടെ സാന്നിധ്യത്തിലയിരുന്നു പരീക്ഷണം.

പരീക്ഷണത്തില്‍ ലോകരാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പാകിസ്ഥാന്‍റെ ആണവോര്‍ജം സുരക്ഷിതമായിരിക്കുമെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ നിബന്ധനയ്ക്കനുസരിച്ച് ആണവ ഇന്ധനം ലഭ്യമാക്കാന്‍ പാകിസ്ഥാന്‍ സജ്ജമായതായും ഗിലാനി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഇക്കാര്യം ഉന്നയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ശക്തമായ ആണവപ്രതിരോധ സംവിധാനമാണ് വികസിപ്പിച്ചിട്ടുള്ളതെന്നും എല്ലാവിധ ആക്രമണ ഭീഷണിയില്‍ നിന്നും പാകിസ്ഥാനെ സംരക്ഷിക്കാന്‍ പാക് സൈന്യം സജ്ജമാണെന്നും ഗിലാനി പറഞ്ഞു. 1999 ലാണ് പാകിസ്ഥാന്‍ ആദ്യമായി ഷാഹീന്‍ -1 പാകിസ്ഥാന്‍ പരീക്ഷിച്ചത്. 2003 ലാണ് ഇത് സൈന്യത്തിന്‍റെ ഭാഗമാക്കിയത്. അതേവര്‍ഷം തന്നെ ഘാസ്നാവിയും പാകിസ്ഥാന്‍ ആദ്യമായി പരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :