തീവ്രവാദം: പാകിസ്ഥാന് യു‌എസ് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ശനി, 8 മെയ് 2010 (15:10 IST)
PRO
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയെ ലക്‍ഷ്യമിട്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യു‌എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിലരി.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് പാക് സ്വദേശി പിടിയിലായായിരുന്നു. ഇയാള്‍ പാകിസ്ഥാനിലെ വസീരിസ്ഥാനില്‍ തീവ്രവാദ പരിശീലനം നേടിയതായി എഫ്ബിഐ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഈ ആക്രമണശ്രമത്തിന്‍റെ ഉത്തരവാദിത്വം പാക് താലിബാന്‍ സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് നല്ല സഹകരണമാണ് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നതെന്നും ഇനിയും കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നാണ് അമേരിക്കയുടെ പ്രതീക്ഷയെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് സംഭവത്തിന് ശേഷം പാക് താലിബാന്‍ സംഘടന യു‌എസില്‍ കൂടുതല്‍ സ്ഫോടനപരമ്പര നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതിന്‍റെ വിവരങ്ങള്‍ യു‌എസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതികരണത്തിന് യു‌എസ് തയ്യാറായതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :