കസബിനെ വധിക്കരുതേ: വെര്‍ജീനിയന്‍ വിധവ

Kasab
ചിക്കാഗോ:| WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ പൌരനായ അജ്‌മല്‍ കസബിന്റെ വെടികൊണ്ട് ഒബ്‌റോയ് ഹോട്ടലില്‍ മരിച്ചുവീണ അമേരിക്കന്‍ പൌരന്‍ അലന്‍ ഷെറൂമിന്റെ വിധവ കസബിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് അപേക്ഷിക്കുന്നു. ഭര്‍ത്താവിനെയും ഒറ്റ മകളെയും വെടിവെച്ചുകൊന്ന കസബിനോട് പൊറുത്തതുകൊണ്ടാണ് ഷെറൂമിന്റെ വിധവയായ കിയ ഇങ്ങിനെ അപേക്ഷിക്കുന്നതെന്ന് കരുതരുത്. ജീവിതകാലം മുഴുവന്‍ ഇന്ത്യന്‍ ജയിലറയില്‍ കിടന്ന് കസബ് നരകിച്ച് മരിക്കണം എന്നാണ് കിയയുടെ ആഗ്രഹം.

കിയയുടെ ഭര്‍ത്താവ്‌ വെര്‍ജീനിയ സ്വദേശിയായ അലന്‍ ഷെറും മകള്‍ നവോമിയും ഒബ്‌റോയ്‌ ഹോട്ടലില്‍ കഴിയുമ്പോഴാണു ഭീകരരുടെ തോക്കിനിരയായത്‌. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ കസബിന് എന്ത് ശിക്ഷയാണ് പരമോന്നത നീതിപീഠം നല്‍‌കാന്‍ പോകുന്നതെന്ന് അറിയാന്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കാതോര്‍ത്തിരിക്കുന്നതിന് ഇടയിലാണ് കിയ ഈ വിചിത്രമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

“കൊലപാതകത്തിന് പകരം കൊലപാതകമല്ല. അതുകൊണ്ട് ഞാന്‍ വധശിക്ഷയെ അനുകൂലിക്കുന്നില്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഇന്ത്യന്‍ ജയിലറയില്‍ കിടന്ന് കസബ് നരകിക്കണം. ഇതാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോടുള്ള എന്റെ അപേക്ഷ.”

“കസബ്‌ കുറ്റക്കാരനാണെന്ന കോടതിവിധി മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ആശ്വാസമാണ്. കസബ്‌ കുറ്റം ഏറ്റുപറഞ്ഞാല്‍ കൂടുതല്‍ യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേരുന്നതു തടയാനാകും. ജയിലില്‍ പോയി കസബിനെ കാണാനും സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.”

“ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഞാന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. മുംബൈയിലെത്തുമ്പോള്‍ അതിഥിയായി ഒബ്‌റോയ്‌ ഹോട്ടലില്‍ തന്നെ താമസിക്കണമെന്ന് ഉടമ അറിയിച്ചിട്ടുണ്ട്‌” - കിയ പറയുന്നു.

കിയയുടെ അഭ്യര്‍ത്ഥന കോടതി ചെവിക്കൊള്ളുമോ ഇല്ലയോ എന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അറിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :