വംശീയ അധിക്ഷേപം: രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 4 മെയ് 2010 (17:16 IST)
വംശീയ അധിക്ഷേപം കലര്‍ന്ന തമാശ ഇ മെയിലിലൂടെ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ബ്രിട്ടനില്‍ രണ്ട് കണ്‍സര്‍വ്വേറ്റീവ് കൌണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ പരിഹസിക്കുന്നതായിരുന്നു ഇ മെയില്‍ സന്ദേശം.

റിബിള്‍ വാല്ലി കൌണ്‍സിലര്‍ സിമോണ്‍ ഫാണ്‍സ്‌വര്‍ത്ത്, ലാന്‍‌കാഷെര്‍ വെസ്റ്റ് കൌണ്‍സിലര്‍ കെന്‍ ഹിന്ദ് എന്നിവരെയാണ് പുറത്താക്കിയത്. സിമോണ്‍ ഫാണ്‍സ്‌വര്‍ത്ത് ആണ് തമാശ കലര്‍ന്ന ഇ മെയില്‍ കെന്‍ ഹിന്ദിന് അയച്ചത്. ഹിന്ദ് ഇത് മറ്റു കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ക്ക് അയയ്ക്കുകയും ചെയ്തു.

ഇ മെയിലിനെക്കുറിച്ച് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടാണ് നടപടിക്ക് കാരണം. ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിഷയം സജീവ ചര്‍ച്ചയാണ്. അടുത്തിടെ രാജ്യത്ത് കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ചതായും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ഇവര്‍ തട്ടിയെടുക്കുന്നതായും ബ്രട്ടീഷ് ജനതയ്ക്കിടയില്‍ സംസാരമുണ്ട്. ഈ സാഹചര്യത്തിലാണ് ഇ മെയില്‍ സജീവ ചര്‍ച്ചയായത്.

ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാര്‍ തമ്മില്‍ കാണുന്നതും സംസാരിക്കുന്നതുമാണ് ഇ മെയിലിലെ വിഷയം. ബ്രട്ടീഷുകാരാണെന്ന് കരുതി കുടിയേറ്റക്കാര്‍ സംസാരിക്കുന്നതെല്ലാം ഇതര രാജ്യക്കാരോടാണ്. ഒരു ഇന്ത്യന്‍ സ്വദേശിനിയും അഫ്ഗാന്‍ സൊമാലിയന്‍ സ്വദേശികളുമാണ് ഇ മെയിലിലെ കഥാപാത്രങ്ങള്‍. മെയില്‍ കാണുന്നവര്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ മൂന്ന് അനധികൃത കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്ന സന്ദേശവും ഇ മെയിലിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

ഇ മെയിലിലെ ആശയം കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയുടെ ആശയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് പേര്‍ക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്. മെയിലില്‍ പരാമര്‍ശിച്ചിരിക്കുന്ന രാജ്യങ്ങളിലെ എല്ലാവരോടും കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി ക്ഷമാപണവും നടത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :