ഭര്‍ത്താവിനെ വധിച്ച യുവതിക്ക് വധശിക്ഷ

ദുബായ്| WEBDUNIA|
കാമുകനോടൊപ്പം കഴിയാനായി ഭര്‍ത്താവിനെ വകവരുത്തിയ യുവതിക്ക് കോടതി വിധിച്ച യു‌എ‌ഇയിലെ ഉന്നത നീതിപീഠമായ അപെക്സ് കോടതി ശരിവച്ചു. ഖാവ്‌ല എന്ന് പേരുള്ള യുവതിക്കും കൊലയ്ക്ക് കൂട്ടുനിന്ന കാമുകനും ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് യു‌എ‌ഇയില്‍ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടന്നത് 2003-ലാണ്. യു‌എ‌ഇ പൊലീസ് സര്‍‌വീസില്‍ ജോലി നോക്കുകയായിരുന്നു ഖാവ്‌ലയുടെ ഭര്‍ത്താവ് ഫാഹദ്. ജോലിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പുറത്തുപോകുമ്പോഴൊക്കെ ഖാവ്‌ലയുടെ കാമുകന്‍ വീട്ടില്‍ വരുമായിരുന്നുവെത്രെ. ബന്ധം തീവ്രമായപ്പോള്‍ ഫാഹദിനെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്നായി ഖാവ്‌ലയുടെ ചിന്ത. ഇതിനായി കാമുകന്റെ രണ്ട് കൂട്ടുകാരുടെ സഹായവും ഖാവ്‌ല അഭ്യര്‍ത്ഥിച്ചു.

വീട്ടിലെത്തിയ ഭര്‍ത്താവിനെ ഖാവ്‌ലയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ചോരയില്‍ കുളിച്ച് പാതിജീവനുമായി കിടക്കുന്ന ഭര്‍ത്താവിനരുകില്‍ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഖാവ്‌ല ഒരു മണിക്കൂറോളം ഇരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫാഹദ് മരിച്ചതിന് ശേഷം ഖാവ്‌ല പൊലീസിന് ഫോണ്‍ ചെയ്യുകയും കള്ളന്മാര്‍ തന്റെ ഭര്‍ത്താവിനെ വകവരുത്തിയെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍, പൊലീസ് ശരിക്ക് ചോദ്യം ചെയ്തതോടെ ഖാവ്‌ല സത്യം പറഞ്ഞു. കാമുകനോടൊപ്പം സ്വതന്ത്രമായി ജീവിക്കാനാണ് താന്‍ ഈ കടും‌കൈ ചെയ്തതെന്ന് ഖാവ്‌ല സമ്മതിച്ചു. തുടര്‍ന്ന് ഖാവ്‌ലയുടെ കാമുകനെയും കൂട്ടുകാരെയും പൊലീസ് പിടികൂടി.

കുറ്റവാളികള്‍ക്ക് പ്രാദേശിക കോടതി വിധിച്ച വധശിക്ഷ അബുദാബി സുപ്രീം‌കോടതിയും ശരിവച്ചു. ഏഴ് വര്‍ഷക്കാലമായി ശിക്ഷ ഒഴിവാക്കാനായി അപ്പീല്‍ നല്‍‌കി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ഖാവ്‌ലയും കാമുകനും സുഹൃത്തുക്കളും. എന്നാല്‍ അപെക്സ് കോടതി വധശിക്ഷ ശരിവച്ചതോടെ ഇനി ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയില്ല.

കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ മാപ്പ് നല്‍‌കുകയാണെങ്കില്‍ കോടതി ശിക്ഷ ഒഴിവാക്കുന്ന പതിവ് യു‌എ‌ഇയിലുണ്ട്. എന്നാല്‍, ഫാഹദിന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഫാഹദ് മരിച്ചതിന്റെ മനോവിഷമത്താല്‍ ഫാഹദിന്റെ അമ്മയും മരിച്ചിരുന്നു. എന്നാല്‍, തന്റെ മരുമകള്‍ക്ക് യാതൊരു കാരണവശാലും മാപ്പ് നല്‍കരുതെന്ന് ബന്ധുക്കളോട് ഫാഹദിന്റെ അമ്മ മരിക്കുന്നതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :