ഫേസ് ബുക്കില്‍ ബിന്‍ ലാദനും?

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (14:27 IST)
PRO
അല്‍ കൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ദ ലീഡര്‍ ഓഫ് ദ മുജാഹിദ്ദീന്‍ എന്ന പേരിലാണ് ലാദന്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്. ലോകത്തെ പര്‍വ്വതങ്ങളില്‍ എന്നാണ് മേല്‍‌വിലാസമായി ലാദന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രട്ടീഷ് പത്രമായ ദ സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ ദൃശ്യങ്ങളും പ്രസംഗങ്ങളും പോസ്റ്റ് ചെയ്യാനായിട്ടാണ് ലാദന്‍ ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയതെന്നാണ് വിവരം. നിലവില്‍ അല്‍കൊയ്ദയുടെ വെബ്സൈറ്റുകള്‍ വഴിയും ചില അറബ് ചാനലുകള്‍ വഴിയുമാണ് അല്‍ കൊയ്ദ ലാദന്‍റെ സന്ദേശവും ചിത്രങ്ങളും പുറത്തുവിടുക. ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആശയപ്രചാരണത്തിലൂടെ കൂടുതല്‍ അണികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും ലാദന്‍ ലക്‍ഷ്യമിടുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യു‌എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ പേജ് നിരോധിക്കാന്‍ ഫേസ് ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിന് മുമ്പ് മാത്രമാണ് ഫേസ് ബുക്കില്‍ ഈ പേജ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിനോടകം തന്നെ ആയിരത്തോളം പേര്‍ ഈ പേജിലെ സ്ഥിരം സന്ദര്‍ശകരായിട്ടുണ്ട്.

അറബിക് ഭാഷയാണ് പേജില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും സന്ദേശങ്ങള്‍ ഇംഗ്ലീഷിലാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അനുയായികളെ ചേര്‍ക്കാനായി ലാദനും അല്‍ കൊയ്ദയും ഇന്‍റര്‍നെറ്റിനെ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ പോലും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വിവരം അമേരിക്കന്‍ സുരക്ഷാവൃത്തങ്ങള്‍ ഗൌരവത്തോടെയാണ് വീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :