രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം മെക്കയില്‍

ദുബായ്| WEBDUNIA|
ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ജൂണില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. മെക്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ കെട്ടിടത്തിന് ഒരു ക്ലോക്കിന്റെ ആകൃതിയാണ് ഉള്ളത്. പകല്‍ 12 കിലോമീറ്റര്‍ അകലെ നിന്നും രാത്രിയിലെ പ്രഭാപൂരത്തില്‍ 17 കിലോമീറ്റര്‍ അകലെ നിന്നും ഈ കെട്ടിട സമുച്ചയത്തിന്റെ ദൃശ്യം കാണാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖാലിഫയെക്കാള്‍ വെറും 11 മീറ്റര്‍ ഉയരം മാത്രമാണ് മാത്രമാണ് റോയല്‍ ക്ലോക്ക് ടവറിന് കുറവുള്ളത്! ഒരു ഹോട്ടല്‍ സമുച്ചയമാണ് മെക്ക റോയല്‍ ക്ലോക്ക് ടവര്‍.

പുതിയ ടവറില്‍ ഉള്ള ക്ലോക്കിന് ലണ്ടനിലെ പ്രശസ്തമായ ‘ബിഗ് ബെന്നിനെ’ക്കാള്‍ വലുപ്പം കൂടുതല്‍ ഉണ്ട് എന്ന പ്രത്യേകത കൂടി ഉണ്ടെന്ന് സമുച്ചയത്തിന്റെ ജനറല്‍ മാനേജര്‍ അല്‍-അര്‍കൂബി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം ജൂണില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും ക്ലോക്കിന്റെ പ്രവര്‍ത്തനം ജൂലൈ അവസാനമേ ആരംഭിക്കുകയുള്ളൂ.

മെക്ക ക്ലോക്ക് ടവറിന് 662 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതിയും 155 മീറ്റര്‍ ഉയരത്തില്‍ വര്‍ത്തുളാകൃതിയിലുള്ള ലോഹ നിര്‍മ്മിതിയുമുണ്ട്. രണ്ട് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് പറഞ്ഞാല്‍ 828 മീറ്റര്‍ ഉയരം, ബുര്‍ജ് ഖാലിഫയെക്കാള്‍ 11 മീറ്റര്‍ മാത്രം കുറവ്.

നിലവില്‍ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി 508 മീറ്റര്‍ ഉയരമുള്ള തയ്‌വാനിലെ തായ്‌പേയ് 101 ന് ആണ്. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മെക്ക ക്ലോക്ക് ടവറിന്റെ കോണ്‍ക്രീറ്റ് നിര്‍മ്മിതിക്കു മാത്രമായി ഇതിലും ഉയരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :