ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » യു‌എസ്-പാക് ചര്‍ച്ചയില്‍ ഇന്ത്യയില്ല: ഹോള്‍ബ്രൂക്ക് (India is not an agenda in US-Pak dialogue:Holbrooke)
Bookmark and Share Feedback Print
 
PRO
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യു‌എസ്-പാക് നയതന്ത്ര ചര്‍ച്ചയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകില്ലെന്ന് യു‌എസ് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് വ്യക്തമാക്കി. ഇന്ത്യയുടേയോ മറ്റൊരു രാജ്യത്തിന്‍റെയോ ചെലവിലല്ല ചര്‍ച്ച നടക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടം‌പിടിക്കില്ലെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു.

വാഷിംഗ്ടണില്‍ ഈ മാസം ഇരുപത്തിനാലിനാണ് പാകിസ്ഥാനും യു‌എസും നയതന്ത്ര ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. പതിവിനു വിപരീതമായി പാക് സൈനിക മേധാവി ജനറല്‍ അഷ്ഫാക് പര്‍വ്വേസ് കിയാനിയും ഐഎസ്‌ഐ മേധാവി ലഫ്. ജനറല്‍ ഷൂജ പാഷയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചേക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹോള്‍ബ്രൂക്കിന്‍റെ വിശദീകരണം.

യു‌എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സൈനിക നേതൃത്വം ഇല്ലാതെ നയതന്ത്ര ചര്‍ച്ച പൂര്‍ണ്ണമാവില്ലെന്ന് തോന്നിയതിനാലാണ് സൈനിക നേതൃത്വത്തെ ഉള്‍പ്പെടുത്തിയതെന്നും പാകിസ്ഥാനാണ് ഇക്കാര്യം ആദ്യം ആ‍വശ്യപ്പെട്ടതെന്നും തങ്ങള്‍ അതിനെ പൂര്‍ണ്ണസമ്മതത്തോടെ സ്വാഗതം ചെയ്യുകയായിരുന്നെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു.

ഇന്ത്യയുമായും ചൈന ഉള്‍പ്പെടെയുള്ള മേഖലയിലെ മറ്റ് രാജ്യങ്ങളുമായും യു‌എസ് നയതന്ത്രചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും പാകിസ്ഥാനുമായി ഇപ്പോള്‍ നടത്തുന്നത് ഉഭയകക്ഷിചര്‍ച്ച മാത്രമാണെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു. അല്‍-കൊയ്ദയ്ക്കെതിരായ പോരാട്ടം, അഫ്ഗാനിലെ പോരാട്ടത്തിന് സഹായമൊരുക്കുക തുടങ്ങി ഇരുരാജ്യങ്ങളുടെയും അടിസ്ഥാനപരമായ ലക്‍ഷ്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ ഇടം പിടിക്കുകയെന്ന് ഹോള്‍ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണില്‍ നടക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി അടുത്ത ആറുമാസത്തിനുള്ളില്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്തുമെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു. പാകിസ്ഥാനിലെ ജനാധിപത്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും സ്വയസുരക്ഷയ്ക്കുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളും വികസനവും ചര്‍ച്ചകളില്‍ വിഷയമാകുമെന്ന് ഹോള്‍ബ്രൂക്ക് പറഞ്ഞു.

അമേരിക്കയെ പ്രതിനിധീകരിച്ച് ഹിലരിയെ കൂടാതെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, യു‌എസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ്സ് അഡ്മിറല്‍ മുള്ളന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍