വേശ്യാലയം തുറക്കാന്‍ എംപിയുടെ പ്രചാരണം

പാരീസ്| WEBDUNIA|
PRO
രാജ്യത്ത് വേശ്യാലയം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ എം‌പിയുടെ പ്രചാരണം. പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ പാര്‍ട്ടി അംഗവും ലൈംഗിക സമത്വം സംബന്ധിച്ച ദേശീയ സമിതി മേധാവിയുമായ ചന്ദല്‍ ബ്രൂണല്‍ ആണ് വേശ്യാലയത്തിന്‍റെ പ്രവര്‍ത്തനം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യപ്രചാരണം ആരംഭിച്ചിരിക്കുന്നത്. അറുപത് വര്‍ഷത്തോളമായി ഫ്രാന്‍സില്‍ വേശ്യാലയങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുകയാണ്.

1946 ലാണ് ഫ്രാന്‍സില്‍ വേശ്യാലയങ്ങള്‍ അടച്ചുപൂട്ടിയത്. ഇതിനു മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചുപോകണമെന്നല്ല പുതിയ ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബ്രൂണല്‍ പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നും ലൈംഗിക സേവനകേന്ദ്രങ്ങള്‍ ലൈംഗികതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ,സാമ്പത്തിക,നിയമ സംരക്ഷണത്തോടെയാകണം ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചന്ദല്‍ ബ്രൂണെല്‍ വാദിക്കുന്നു. സ്ത്രീകളില്‍ മിക്കവരും വ്യഭിചരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഈ സാഹചര്യത്തില്‍ സമൂഹം അന്ധന്‍‌മാരായി മാറരുത്. വേശ്യാവൃത്തി ഒരു കാലത്തും തുടച്ചുനീക്കാനാകില്ല. അപ്പോള്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പോം‌വഴി ബ്രുണല്‍ പറയുന്നു.

അടുത്തിടെ നടന്ന ഒരു സര്‍വ്വെയില്‍ ഫ്രാന്‍സിലെ അമ്പത്തിയൊമ്പത് ശതമാനം ആളുകളും വേശ്യാ‍ലയം നിയമവിധേയമാക്കുന്നതിനോട് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എഴുപത് ശതമാനം പുരുഷന്‍മാരും നാല്‍‌പത്തിയൊമ്പത് ശതമാനം സ്ത്രീകളും ഈ അഭിപ്രായത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രൂണലിന്‍റെ പ്രചാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :