26/11 ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൌരന്‍ നാളെ ചിക്കാഗോ കോടതിയില്‍ കുറ്റസമ്മതം നടത്തിയേക്കുമെന്ന് സൂചന. അറസ്റ്റിലായി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഹെഡ്‌ലി കുറ്റസമ്മതത്തിനൊരുങ്ങുന്നത്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബാക്രമണം നടത്താനുള്ള ഗൂഡാലോചന, ഡെന്‍മാര്‍ക്കിനും ഇന്ത്യയ്ക്കും എതിരെ ആക്രമണ പദ്ധതി ഒരുക്കല്‍, ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കുക തുടങ്ങി 12 കുറ്റങ്ങളാണ് 46 കാരനായ ഹെഡ്‌ലിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ ഹെഡ്‌ലി താന്‍ കുറ്റക്കാരനല്ല എന്നായിരുന്നു കോടതിയില്‍ വാദിച്ചിരുന്നത്.
ഇപ്പോള്‍ ഹെഡ്‌ലി കുറ്റസമ്മതത്തിനൊരുങ്ങുന്നത് വധശിക്ഷയില്‍ നിന്ന് രക്ഷപെടാനാണെന്നാണ് സൂചന. ഹെഡ്‌ലിക്കൊപ്പം പിടിയിലായ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൌരന്‍ തഹാവുര്‍ ഹുസൈന്‍ റാണ കുറ്റം നിഷേധിച്ചിരുന്നു. റാണയുടെ കേസ് മാര്‍ച്ച് 29 ന് പരിഗണിക്കും.