ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇന്‍റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍ തീരുമാനിച്ചത് രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ചൈന. ഗൂഗിളിന്‍റേത് ഒരു കമ്പനിയുടെ മാത്രം നടപടിയാണെന്നും അത് മറ്റ് നിക്ഷേപങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാംഗ് പറഞ്ഞു.
ഹാക്കര്‍ ആക്രമണങ്ങളെയും കടുത്ത സെന്‍സറിംഗ് നിയമങ്ങളെയും തുടര്‍ന്ന് ചൈന വിടുന്ന കാര്യം ഗൌരവമായി പരിഗണിക്കുകയാണെന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍ പിന്‍മാറിയാല്‍ മറ്റ് അമേരിക്കന്‍ കമ്പനികളും ഗൂഗിളിന്‍റെ പാത പിന്തുടരുമെന്ന് അതിനര്‍ത്ഥമില്ലെന്ന് ഗാംഗ് വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും അത് വിദേശമായാലും സ്വദേശ സ്ഥാപനമായാലും ചൈനയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഗാംഗ് പറഞ്ഞു.
ഗൂഗിളിന് അവരുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വിലക്കില്ലെങ്കിലും നിയമങ്ങള്‍ ലംഘിച്ചാല്‍ അനന്തരഫലം നേരിടേണ്ടി വരുമെന്ന് ചൈനീസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയില്‍ നിന്ന് പിന്‍വാങ്ങണമോയെന്നത് പൂര്‍ണമായും ഗൂഗിളിന്‍റെ തീരുമാനമായിരിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.