തനിക്ക് ഇത്തവണ ഓസ്കര്‍ അവാര്‍ഡ് നഷ്ടമായത് അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന സിനിമ എടുത്തതുകൊണ്ടാണെന്ന് ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. ‘അവതാര്‍’ ഒരു anti-US തീം ആണ് അവതരിപ്പിച്ചതെന്നും എന്നാല്‍ ഓസ്കര്‍ നേടിയ ‘ദി ഹര്‍ട്ട് ലോക്കര്‍’ അമേരിക്കയോടു ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
“അമേരിക്കന്‍ നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളോട് ഓസ്കര്‍ അക്കാദമി ചായ്‌വ് കാട്ടാറുണ്ട്. ദി ഹര്‍ട്ട് ലോക്കര്‍ അത്തരമൊരു ചിത്രമാണ്. സംവിധായിക കാതറിന്‍ ബിഗലോയ്ക്ക് എതിരായല്ല ഞാന്‍ ഈ പറയുന്നത്. ഹര്‍ട്ട് ലോക്കര്‍ ഒരു fantastic ചിത്രമാണ്. ആ ചിത്രം സംവിധാനം ചെയ്യണമെന്ന് കാതറിനോടു പറഞ്ഞത് ഞാനാണ്” - ജയിംസ് കാമറൂണ്‍ വ്യക്തമാക്കി.
ഇത്തവണ, മുന്‍ ഭര്‍ത്താവായ ജയിംസ് കാമറൂണിനെ മറികടന്നാണ് മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പടെ ആറ് ഓസ്കറുകള്‍ കാതറിന്‍ ബിഗലോ സ്വന്തമാക്കിയത്. കാമറൂണിന്‍റെ അവതാറിന് മൂന്ന് ഓസ്കറുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
യു എസ് പട്ടാളവും കോര്‍പ്പറേറ്റുകളും പണ്ഡോറയില്‍ നടത്തുന്ന അധിനിവേശത്തെക്കുറിച്ചായിരുന്നു കാമറൂണിന്‍റെ അവതാര്‍ പറഞ്ഞത്. എന്നാല്‍ ഇറാഖ് യുദ്ധത്തിന് ശേഷം അമേരിക്കന്‍ പട്ടാളം ഇറാക്കില്‍ നേരിടേണ്ടി വന്ന ദുരിതങ്ങളായിരുന്നു കാതറില്‍ ബിഗലോയുടെ ഹര്‍ട്ട് ലോക്കറിന്‍റെ പ്രമേയം.