ബ്രിട്ടീഷ് പ്രഭുസഭ മുഖം മിനുക്കുന്നു

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 14 മാര്‍ച്ച് 2010 (15:32 IST)
PRO
ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഉപരിസഭയായ ഹൌസ് ഓഫ് ലോര്‍ഡ്സ് ഉടച്ചുവാര്‍ക്കുന്നു. ഹൌസ് ഓഫ് ലോര്‍ഡ്സിന്‍റെ വലിപ്പം കുറച്ച് 300 അംഗങ്ങളുള്ള പുതിയ ഉപരിസഭ കൊണ്ടുവരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായുള്ള ബില്‍ ബ്രിട്ടീഷ് നിയമ സെക്രട്ടറി ജാക് സ്ട്രോ അടുത്ത ആഴ്ച ഹൌസ് ഓഫ് ലോര്‍ഡ്സില്‍ അവതരിപ്പിക്കും.

പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാ‍ണ് ബില്‍ അവതരിപ്പിക്കുന്നത്. പാര്‍ലമെന്‍റ് പിരിച്ചുവിടുന്നതിനു മുന്‍പ് ബില്‍ നിയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ 733 അംഗങ്ങളുണ്ട്. അധോസഭയായ ഹൌസ് ഓഫ് കോമണ്‍സിനേക്കാള്‍ 78 അംഗങ്ങള്‍ കൂടുതലാണിത്. അംഗങ്ങളില്‍ കൂടുതല്‍‌പ്പേരും പാരമ്പര്യമായും നാമനിര്‍ദേശം വഴിയും പ്രഭു സഭയില്‍ അംഗങ്ങളാവുന്നവരാണ്.

എന്നാല്‍ ഇങ്ങനെ അംഗങ്ങളാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താനും ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാമെടുത്തിട്ടുണ്ട്. നാമനിര്‍ദേശം ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടെ ഹൌസ് ഓഫ് ലോര്‍ഡ്സിലെ അംഗങ്ങളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. പുതിയ ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ പ്രകടനം മോശമാണെങ്കില്‍ തിരിച്ചുവിളിക്കാനുളള നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :