ഇന്ധനം നല്‍കിയാല്‍ സമ്പുഷ്ടീകരണം നിര്‍ത്താമെന്ന് ഇറാന്
ടെഹ്റാന്, ചൊവ്വ, 9 ഫെബ്രുവരി 2010( 16:40 IST )
PRO
ടെഹ്‌റാനിലെ ഗവേഷണ റിയാക്ടറിനാവശ്യമായ ഇന്ധനം പാശ്ചാത്യശക്തികള്‍ നല്‍കിയാല്‍ വന്‍ തോതിലുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കാമെന്ന് ഇറാന്‍. ഇറാന്‍ ആണവോര്‍ജ മേധാവി അലി അക്ബര്‍ സലേഹിയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുറേനിയം സമ്പുഷ്ടീകരണം ഇരുപത് ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം ഇറാന്‍ തീരുമാനിച്ചിരുന്നു. ഇറാന്‍റെ തീരുമാനത്തില്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സലേഹിയുടെ പ്രതികരണം.
ആണവായുധ നിര്‍മ്മാണത്തിന് 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആണ് ആവശ്യമായുള്ളത്.സൈനിക ആവശ്യത്തിനായി ഉപയോഗിക്കാന്‍ താഴ്ന്ന നിലയിലുള്ള സമ്പുഷ്ടീകരണം മതി. സമാധാന ആവശ്യങ്ങള്‍ക്കായി മാത്രമേ ആണവപദ്ധതി പ്രയോജനപ്പെടുത്തുവെന്ന് ഇറാന്‍ ആണയിടുന്നുണ്ടെങ്കിലും ഇറാന്‍റെ കയ്യില്‍ ആണവായുധം എത്തുന്നത് ദോഷം ചെയ്യുമെന്ന ആശങ്കയാണ് പാശ്ചാത്യശക്തികള്‍ക്കുള്ളത്.
ഇറാന്‍ സ്വയം യുറേനിയം സമ്പുഷ്ടീകരിക്കുന്നത് തടയാനായി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്ത് ഇന്ധന കൈമാറ്റ കരാറിന് രൂപം നല്‍കിയിരുന്നു.3.5 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഫ്രാന്‍സിലും റഷ്യയിലും എത്തിച്ച് 20 ശതമാനം സമ്പുഷ്ടീകരിച്ച് ഇറാന് തിരിച്ചുനല്‍കാമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.
എന്നാല്‍ സമ്പുഷ്ടീകരിക്കാത്ത ഇന്ധനം കൈമാറുമ്പോള്‍ തന്നെ സമ്പുഷ്ടീകരിച്ച ഇന്ധനം പകരം നല്‍കണമെന്ന ഇറാന്‍റെ ആവശ്യം അംഗീകരിക്കാന്‍ പാശ്ചാത്യശക്തികള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കരാറിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്താന്‍ കഴിയാതെ വരികയായിരുന്നു.