ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » എ ക്യു ഖാന് വീണ്ടും പാക് സര്‍ക്കാരിന്‍റെ പീഡനം (Pak govt places ban on water, medical supplies to A Q Khan)
Bookmark and Share Feedback Print
 
പാകിസ്ഥാനിലെ ആണവ ബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എ ക്യു ഖാന് വീണ്ടും സര്‍ക്കാരില്‍ നിന്ന് പീഡനം. തടവില്‍ നിന്ന് മോചിതനായ ശേഷവും വീടുവിട്ട് പുറത്തിറങ്ങാന്‍ അനുമതി നിഷേധിക്കപ്പെടുന്ന തനിക്ക് വെള്ളവും മരുന്നും പോലും വിലക്കുകയാണ് സര്‍ക്കാരെന്ന് ഖാന്‍ തന്‍റെ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിച്ചു.

തനിക്കെതിരെയുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തണമെന്ന് കാണിച്ച് ലാഹോര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയുടെ വാദത്തിലാണ് ഖാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വീട്ടില്‍ കഴിയുന്ന ഖാനെ സുരക്ഷയുടെ പേരില്‍ ഇവിടെനിന്നു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാത്ത സ്ഥിതിയാണ്.

സഹോദരന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിട്ടുപോലും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഖാന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഖാന് മതിയായ സുരക്ഷ അനുവദിക്കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ മറവിലാണ് സര്‍ക്കാര്‍ തനിക്ക് വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതെന്ന് ഖാന്‍ ചൂണ്ടിക്കാട്ടി.

ഖാന്‍റെ പൌരാവകാശങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഖാന് നല്‍കുന്ന സുരക്ഷ ഏകാധിപത്യമാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അഭിഭാ‍ഷകന്‍ ആവശ്യപ്പെട്ടു.

ഇറാന്‍, വടക്കന്‍ കൊറിയ, ലിബിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ രഹസ്യം ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് അഞ്ച് വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഖാന്‍ കോടതി ഉത്തരവനുസരിച്ച് ഏതാനും നാള്‍ മുമ്പാണ് മോചിതനായത്. ഒരു സാധാരണ പൌരന്‍റെ എല്ലാ അവകാശങ്ങളും ഖാന് ഉറപ്പുവരുത്തണമെന്ന് മോചന ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍