ന്യൂയോര്‍ക്ക്, ചൊവ്വ, 9 ഫെബ്രുവരി 2010( 10:10 IST )
PRO
പോപ്പ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്സന്‍റ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ജാക്സന്‍റെ സ്വകാര്യ ഡോക്ടര്‍. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന ലൊസാഞ്ചല്‍സ് കോടതിയിലാണ് ഡോക്ടര്‍ കോണ്‍റാഡ് മുറെ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയത്.
വാദം പരിഗണിച്ച ശേഷം ജഡ്ജി കീത്ത് എല്‍ ഷെവാര്‍ട്സ് 75,000 ഡോളര്‍ ജാമ്യത്തുകയില്‍ മുറെയ്ക്ക് ജാമ്യം നല്‍കി. കുറ്റം തെളിഞ്ഞാല്‍ നാലു വര്‍ഷം വരെ മുറെക്ക് തടവ് ലഭിക്കാം. ഏപ്രില്‍ അഞ്ചിനാണ് കേസിന്‍റെ അടുത്ത വാദം.കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് ജാക്സനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബോധം കെടുത്തുന്നതിനുള്ള മരുന്ന് അമിതമായി നല്‍കിയതാണ് ജാക്സന്‍റെ മരണത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. പ്രൊപ്പോഫോള്‍ എന്ന മരുന്നിന്‍റെ അംശം ജാക്സന്‍റെ ശരീരത്തിലും കണ്ടെത്തിയിരുന്നു. ജാക്സന് ഉറങ്ങാനായി ഈ മരുന്നു നല്‍കാറുണ്ടെന്ന വെളിപ്പെടുത്തലാണ് മുറെയെ പ്രതിക്കുട്ടിലാക്കിയത്.50 മില്ലിഗ്രാം പ്രൊപ്പോഫോള്‍ വീതം മരണത്തിനു മുമ്പുള്ള ആറാഴ്ചകളില്‍ ജാക്സനു നല്‍കിയിരുന്നതായി കോണ്‍റാഡ് തുറന്നു സമ്മതിച്ചിരുന്നു.
കോടതിമുറിയില്‍ വാദം കേള്‍ക്കാനായി ജാക്സന്‍റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. മകന്‍ കൊല്ലപ്പെട്ടതാണെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും മാത്രമായിരുന്നു ജാക്സന്‍റെ പിതാവ് ജോയ് ജാക്സന്‍റെ പ്രതികരണം. ജാക്സന്‍റെ നിരവധി ആരാധകരും കോടതിക്ക് വെളിയില്‍ തടിച്ചുകൂടിയിരുന്നു. ജാക്സന് നീതി നല്‍കണമെന്നും ജാക്സന്‍റെ മരണം കൊലപാതകമാണെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.