ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ടവറിന്‍റെ നിരീക്ഷണ നില അപ്രതീക്ഷിതമായി അടച്ചു. ആള്‍ത്തിരക്കും വൈദ്യുത തകരാറും കാരണമാണ് നടപടിയെന്നാണ് കെട്ടിടത്തിന്‍റെ ഉടമകളായ എമ്മാര്‍ പ്രോപ്പര്‍ട്ടീസിന്‍റെ വിശദീകരണം. ബുര്‍ജ് ഖലീഫ കാണാന്‍ കാത്തിരുന്ന ആയിരക്കണക്കിന് സന്ദര്‍ശകരെ നിരാശപ്പെടുത്തുന്നതാണ് നടപടി.
ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്ത ടവറില്‍ സന്ദര്‍ശകരെ അനുവദിച്ചതു മുതല്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരെ ടിക്കറ്റ് മുഖാന്തരമായിരുന്നു സന്ദര്‍ശനം നിയന്ത്രിച്ചിരുന്നത്. കെട്ടിടത്തിന്‍റെ നൂറ്റി ഇരുപത്തിനാലാം നിലയിലായിരുന്നു നിരീക്ഷണ ഡെക്ക് സ്ഥിതി ചെയ്തിരുന്നത്. 100 ദിര്‍ഹമായിരുന്നു ടിക്കറ്റ് നിരക്ക്. 400 ദിര്‍ഹം നല്‍കിയാല്‍ സന്ദര്‍ശക പട്ടികയില്‍ മുന്‍ഗണന ലഭിക്കും.
ടവര്‍ അടയ്ക്കാനിടയായതിന്‍റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് തയ്യാറായിട്ടില്ല. സന്ദര്‍ശനം എന്നു പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അഡ്വാന്‍സായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് വിണ്ടും തുറക്കുമ്പോള്‍ മുന്‍ഗണന നല്‍കുമെന്നും ഇല്ലെങ്കില്‍ അവരുടെ പണം മടക്കി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വൈദ്യുതി തകരാര്‍ പരിഹരിച്ചു വരികയാണെന്നും ഇത് പൂര്‍ത്തിയായാലുടന്‍ സന്ദര്‍ശകരെ അനുവദിക്കുമെന്നും ആണ് എമ്മാര്‍ അധികൃതര്‍ വിശദീകരിക്കുന്നത്.