വാഷിംഗ്ടണ്‍, തിങ്കള്‍, 8 ഫെബ്രുവരി 2010( 15:52 IST )
PRO
വമ്പന്‍ ആക്രമണങ്ങളില്‍ നിന്ന് അല്‍-കൊയ്ദ ചെറിയ ആക്രമണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. യുഎസ് പോലുള്ള രാജ്യങ്ങളെ ലക്‍ഷ്യം വെച്ചുള്ള ആക്രമണ പദ്ധതികള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും രഹസ്യാന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കി.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ യാത്രാവിമാനം തകര്‍ക്കാന്‍ തയ്യാറാക്കിയ പദ്ധതി പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
പാകിസ്ഥാനിലും അഫ്ഗാനിലും യെമനിലും മറ്റും അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളില്‍ സംഘടനയുടെ നേതാക്കന്‍മാര്‍ വേട്ടയാടപ്പെടുന്നതും ഇവരെ തിരിച്ചുചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ചെറിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എളുപ്പമാണെന്നതാണ് ഈ രീതിയിലേക്ക് തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം.
രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് അമേരിക്കയ്ക്ക് പുതിയ തലവേദനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്മസ് ദിനത്തില്‍ വിമാനം തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കളുമായി യെമനില്‍ പരിശീലനം നടത്തിയ ഒരു നൈജീരിയന്‍ സ്വദേശിയെ ആണ് അല്‍-കൊയ്ദ അയച്ചത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തില്‍ കയറിയ ഇയാള്‍ക്ക് സാങ്കേതികപ്പിഴവു മുലം സ്ഫോടകവസ്തുക്കള്‍ പൊട്ടിക്കാന്‍ കഴിയാതെ വരികയായിരുന്നു.
ഈ സംഭവം നേരത്തെ കണ്ടെത്താന്‍ കഴിയാത്തതിന് രഹസ്യാന്വേഷണ വിഭാഗം വ്യാപക വിമര്‍ശനത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയ ആക്രമണങ്ങള്‍ക്കായി അല്‍ കൊയ്ദ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുണ്ടായിരിക്കുന്നത്.