ടെഹ്റാന്, തിങ്കള്‍, 8 ഫെബ്രുവരി 2010( 11:43 IST )
PRO
അന്താരാഷ്ട്ര സമ്മര്‍ദ്ദം അവഗണിച്ച് യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകാനുള്ള ഇറാന്‍റെ നീക്കം ആശങ്കാജനകമാണെന്ന് ബ്രിട്ടന്‍. ഇറാന്‍റെ തീരുമാനത്തില്‍ അമേരിക്കയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ധന കൈമാറ്റക്കരാര്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് യുറേനിയം സമ്പുഷ്ടീകരണം സ്വയം നിര്‍വ്വഹിക്കാന്‍ ഇറാന്‍ തീരുമാനിച്ചത്.
ഗൌരവകരമായ ആശങ്കയ്ക്കിട നല്‍കുന്നതാണ് ഇറാന്‍റെ തീരുമാനമെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ആവശ്യപ്പെട്ടു.
ആണവായുധ നിര്‍മ്മാണത്തിനാവാശ്യമായ യുറേനിയത്തിന്‍റെ ഇരുപത് ശതമാനം സമ്പുഷ്ടീകരണം സ്വയം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് നിര്‍ദ്ദേശിച്ചത്. പാശ്ചാത്യശക്തികള്‍ മുന്നോട്ടുവെച്ച ഇന്ധനകൈമാറ്റക്കരാറിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നെജാദ് തീരുമാനം വ്യക്തമാക്കിയത്.
യുറേനിയം സമ്പുഷ്ടീകരണം സ്വയം നടത്താന്‍ തീരുമാനിച്ച വിവരം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ ഇന്ന് ഇറാന്‍ അറിയിക്കും. ചൊവ്വാഴ്ച മുതല്‍ സമ്പുഷ്ടീകരണം ആരംഭിക്കാനാണ് നീക്കം. നതാന്‍സ് പ്ലാന്‍റിലായിരിക്കും സമ്പുഷ്ടീകരണം നടക്കുക.ഇറാനുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമം തുടരുന്നതിനിടെയാണ് ഇറാന്‍റെ പ്രഖ്യാപനം.
യുറേനിയം ഇറാനില്‍ സമ്പുഷ്ടീകരിക്കുന്നതു തടയാനാണ് ഇന്ധന കൈമാറ്റ കരാറിന് അമേരിക്ക മുന്‍കൈയ്യെടുത്ത് രൂപം നല്‍കിയത്. 3.5 ശതമാനം മാത്രം സമ്പുഷ്ടീകരിച്ച യുറേനിയം ഫ്രാന്‍സിലും റഷ്യയിലും എത്തിച്ച് 20 ശതമാനം സമ്പുഷ്ടീകരിച്ച് ഇറാന് തിരിച്ചുനല്‍കാമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാല്‍ സമ്പുഷ്ടീകരിക്കാത്ത ഇന്ധനം കൈമാറുമ്പോള്‍ തന്നെ സമ്പുഷ്ടീകരിച്ച ഇന്ധനം പകരം നല്‍കണമെന്ന ഇറാന്‍റെ ആവശ്യം അംഗീകരിക്കാന്‍ പാശ്ചാത്യശക്തികള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കരാറിന്‍റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്താന്‍ കഴിയാതെ വരികയായിരുന്നു.