ഭീകരവാദം നേരിടുന്നതിന് ഒരുമിച്ച് സഹകരിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യു എസ് പ്രസിഡന്‍റ് ബരാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനായുള്ള അഞ്ചു കരാറുകളിലും ധാരണാപത്രത്തിലും ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു.
ആരോഗ്യം, വ്യാപാരം, കൃഷി, വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനുള്ളതാണ് കരാറുകള്‍.
ഭീകരതയെ ചെറുക്കാന്‍ സാധ്യമായതെല്ലം സ്വീകരിക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. കൂടാതെ, അഫ്‌ഗാനിസ്ഥാന്‍റെ സ്ഥിരതയ്‌ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാണെന്നും ഒബാമ പറഞ്ഞു.
ആണവസാമഗ്രികളുടെ ലഭ്യത ആഗോളതലത്തില്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതിനെ പിന്തുണച്ചു കൊണ്ടുള്ള കരാറിലും ഇരുനേതാക്കളും ഒപ്പുവെച്ചു. ആണവായുധങ്ങളില്‍ നിന്ന് വിമുക്തമായ ഒരു ലോകമാണ് തങ്ങള്‍ സ്വപ്നം കാണുന്നതെന്ന് ഡോ സിങും ഒബാമയും വ്യക്തമാക്കി. ഇന്ത്യ വളര്‍ന്നുവരുന്ന ആഗോളശക്തിയാണെന്നും ഇരുരാജ്യങ്ങളുടെയും ബന്ധം പ്രധാനപ്പെട്ടതാണെന്നും ഒബാമ പറഞ്ഞു.
പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത ഊര്‍ജസ്രോതസ്സുകളുടെ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നത് ലക്‌ഷ്യമിട്ട് കൊണ്ടുള്ളതാണ് മറ്റൊരു കരാര്‍. വിദ്യാഭ്യാസ-വികസനമേഖലയിലെ കരാറനുസരിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സര്‍വകലാശാലകളുടെ വികസനത്തിന് ഒരു കോടി ഡോളറിന്‍റെ സംയുക്തഫണ്ട് വകയിരുത്തും.