ഇന്ത്യയ്‌ക്കും ഡെന്മാര്‍ക്കിനുമെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌ത ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും തഹാവൂര്‍ ഹുസൈന്‍ റാണയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ റിട്ടയര്‍ഡ് മേജറിനെ പാക് ആര്‍മി അറസ്‌റ്റ് ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് വിരമിച്ച മേജറെയാണ് പാക് സൈന്യം അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ ഇപ്പോള്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണെന്ന് പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ അതര്‍ അബ്ബാസ് പറഞ്ഞു. ഹെഡ്‌ലിയുമായും റാണയുമായും ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നതായും അബ്ബാസ് പറഞ്ഞു.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേണല്‍മാരും റിട്ടയര്‍ഡ് ബ്രിഗേഡിയറും ഉള്‍പ്പെടെ അഞ്ച് സൈനിക ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത അബ്ബാസ് നിഷേധിച്ചു. അറസ്റ്റ് ചെയ്ത ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവല്‍പിണ്ടിയിലെ ഗാരിസണ്‍ നഗരത്തില്‍ നിന്നായിരുന്നു ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, ഹെഡ്‌ലിയും റാണയും ലഷ്‌കര്‍-ഇ-തൊയ്‌ബയുമായും സൈന്യത്തിന്‍റെ കമാന്‍ഡര്‍ ഇല്യാസ് കാഷ്‌മീരിയുമായും ബന്ധം പുലര്‍ത്തിയിരുന്നതായി എഫ് ബി ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എഫ് ബി ഐ നല്കിയ രേഖകള്‍ അനുസരിച്ച് ഹെഡ്‌ലി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. പാകിസ്ഥാനില്‍ ഒരാളെ ഹെഡ്‌ലി കാണുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ ആരാണെന്ന് രേഖകളില്‍ പറഞ്ഞിട്ടില്ല. ‘എ’ എന്ന് മാത്രമാണ് രേഖകളിലെ പരാമര്‍ശം. പിന്നീട് ഇവര്‍ രണ്ടു പേരും ഒരുമിച്ച് കാശ്‌മീര്‍ സന്ദര്‍ശിച്ചിരുന്നതായും എഫ് ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷവും ഹെഡ്‌ലി പാകിസ്ഥാനിലൂടെ സന്ദര്‍ശനം നടത്തിയിരുന്നതായും എഫ് ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.