ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി സരത് ഫോന്‍സേകയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. നിലവിലെ പ്രസിഡന്‍റ് മഹിന്ദ രാജപക്‌സെയ്‌ക്കെതിരെ ഫോന്‍സേക മത്സരരംഗത്ത് വരുമ്പോള്‍ തമിഴ്‌പുലികള്‍ക്കെതിരെ നടന്ന ദേശീയയുദ്ധത്തിലെ രണ്ട് നായകര്‍ തമ്മിലുള്ള മത്സരത്തിനായിരിക്കും രാജ്യം സാക്‌ഷ്യം വഹിക്കുക. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഫോന്‍സേക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പ്രതിപക്ഷ നേതാക്കളുമായി ഫോന്‍സേക ചര്‍ച്ചകള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് ലിബറേഷന്‍ മുന്നണിയുടെ വക്താവ് അനുര കുമാര ഡിസ്സാനായകെ പറഞ്ഞു.
ഫോന്‍സേകയുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. അനുകൂലമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം സമ്മതിച്ചെന്നും ഡിസ്സാനായകെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുലികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച ജനറല്‍ സരത് ഫൊന്‍സേക രാജപക്‌സെയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. തമിഴ്‌പുലികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ വിജയിച്ചതിനു ശേഷം രാജ്യത്തെ എട്ട് പ്രവിശ്യാ അസംബ്ലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ രാജപക്‌സെ വിജയിച്ചിരുന്നു.
എന്നാല്‍, രാജ്യത്ത് നിലനില്‍ക്കുന്നത് രാജപക്‌സെയുടെ ഏകാധിപത്യ ഭരണമാണെന്ന് ഡിസ്സാനായകെ ആരോപിച്ചു. രാജപക്‌സെ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ അഴിമതി വര്‍ധിച്ചുവരികയാണ്. ജനാധിപത്യത്തെ രാജ്യത്ത് കുഴിച്ചു മൂടിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തെ രാജപക്‌സെയുടെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരിക്കുകയാണെന്നും ഡിസ്സാനായകെ ആരോപിച്ചു.
അധികാരത്തിലെത്തിയാല്‍ പ്രസിഡന്‍റ് പദവിയുടെ പൂര്‍ണ്ണാധികാരം മാറ്റി പാര്‍ലമെന്‍റിന് അധികാരം തിരിച്ചു കൊണ്ടുവരുമെന്ന് ഫോന്‍സേക ഉറപ്പു നല്കിയതായും ഡിസ്സാനായകെ പറഞ്ഞു. കൂടാതെ, ജനാധിപത്യത്തെ പുനസ്ഥാപിക്കാനും അഴിമതിയെ തുടച്ചുനീക്കാനും ഫോന്‍സെക പ്രവര്‍ത്തിക്കുമെന്നും ഡിസ്സാനായകെ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഉത്തരവ് ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ജനുവരി മൂന്നാം വാരത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.