വാഷിംഗ്ടണ്‍, ബുധന്‍, 25 നവംബര്‍ 2009( 09:40 IST )
PRO
PRO
ഇന്ത്യ ആണവശക്തിയാണെന്ന് യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. ഏഷ്യയിലെയും ലോകത്തെ തന്നെയും നേതൃനിരയിലുള്ള രാജ്യമാണ് ഇന്ത്യയെന്നും ഒബാമ അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസില്‍ എത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ.
ചരിത്രപ്രധാനമായ ഉഭയകക്ഷി ആണവക്കരാര്‍ നടപ്പാക്കാന്‍ ഇന്ത്യയും യു എസും പ്രതിജ്ഞാബദ്ധമാണെന്നും കരാര്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും ചടങ്ങില്‍ ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചു.
ആണവായുധങ്ങളില്‍ നിന്ന് സ്വതന്ത്രമായ ഒരു ലോകത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് താനും ഡോ മന്‍മോഹന്‍ സിങും ചിന്തിക്കുന്നതെന്ന് ഒബാമ പറഞ്ഞു. ഇന്ത്യയെ ആണവശക്‌തിയായി പരസ്യമായി അംഗീകരിച്ചതിനൊപ്പം ഒബാമ ആണവായുധ വ്യാപനത്തിനെതിരായ കൂട്ടായ്മയില്‍ ഇന്ത്യ യു എസിന്‍റെ സമ്പൂര്‍ണ പങ്കാളി ആയിരിക്കുമെന്നും പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള മന്‍മോഹന്‍സിങ്ങിന്‍റെ ക്ഷണം സ്വീകരിച്ച ഒബാമ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നും അറിയിച്ചു. ആണവക്കരാര്‍ നടപ്പാക്കുന്നതില്‍ ഇനിയും ചില കടമ്പകള്‍ കടക്കാനുണ്ട്. എങ്കിലും ആണവക്കരാര്‍ എത്രയും വേഗം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
ജവാഹര്‍ലാല്‍ നെഹ്‌റു 60 വര്‍ഷം മുമ്പ് 1949ല്‍ വൈറ്റ് ഹൗസ് സന്ദര്‍ശിപ്പോള്‍ അന്നത്തെ പ്രസിഡന്‍റ് ഹാരി ട്രൂമാന്‍ നെഹ്‌റുവിനെ സ്വീകരിച്ച അതേ സൗഹൃദബോധത്തോടെയാണ് മന്‍മോഹന്‍സിങ്ങിനെ താന്‍ വരവേല്‍ക്കുന്നതെന്നും ഒബാമ പറഞ്ഞു.
ഭീകരവിരുദ്ധ, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക, പരിസ്ഥിതി മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.