ജനപ്രിയ സോഷ്യല്‍ വെബ്സൈറ്റായ ഫേസ്ബുക്ക് ശൃംഖലയിലേക്ക് മറ്റൊരു രാഷ്ട്രീയ പ്രമുഖന്‍ കൂടി. മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫാണ് ഫേസ്ബുക്കില്‍ എത്തിയ രാഷ്ട്രീയ പ്രമുഖന്‍. ഒരു മാസം മുന്‍പേ മുഷറഫ് ഫേസ്ബുക്കിലെത്തിയതാണെങ്കിലും അടുത്തിടെയാണ് പേജ് പരസ്യമാക്കിയത്.
വൈകിയാണ് എത്തിയതെങ്കിലും 27000 പേരാണ് മുഷറഫിന്‍റെ ഫാന്‍സായി പേജിലുള്ളത്. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മുന്‍ പട്ടാള മേധാവി കൂടിയായ മുഷറഫ് യുവാക്കളുമായി ആശയവിനിമിയം നടത്താനാണ് ഫേസ്ബുക്കില്‍ എത്തിയതെന്ന് പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിശദീകരിക്കുന്നു.
ഫേസ്ബുക്കിലൂടെ തനിക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഷറഫ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പാകിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളിലും രാജ്യത്തിന്‍റെ ഭാവിയിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അവരുമായുള്ള ആശയവിനിമയത്തിലൂടെ തനിക്ക് മനസ്സിലായതായി മുഷറഫ് പറഞ്ഞു.
മുഷറഫിനെക്കുറിച്ച് ഇതുവരെ അറിയപ്പെടാത്ത ചില രഹസ്യങ്ങളും ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇക്കണോമിസ്റ്റ്, ന്യൂസ്‌വീക്ക്, ടൈം മാഗസിനുകള്‍ക്കൊപ്പം തന്‍റെ പ്രിയപ്പെട്ട മാഗസിനായി ഇന്ത്യാ ടുഡേയും അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നു എന്നതാണ്.
അതുപോലെ രണ്ടാം ലോകമഹായുദ്ധ സിനിമകളും ബെന്‍ഹര്‍, ലോറന്‍സ് ഓഫ് അറേബ്യ, സ്പാര്‍ട്ടാക്കസ്, ഗ്ലാഡിയേറ്റര്‍ തുടങ്ങിയവയും തന്‍റെ ഇഷ്ടചിത്രങ്ങളാണെന്ന് മുഷറഫ് വ്യക്തമാക്കുന്നു. നൂര്‍ജഹാനും, മെഹ്‌ദി ഹസനും, സൈഗാളും, മുകേഷുമാണ് മുഷറഫിന്‍റെ പ്രിയപ്പെട്ട ഗായകര്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ താജ്‌മഹലിനു മുന്‍പില്‍വെച്ചെടുത്ത ചിത്രവും അദ്ദേഹം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.