ചൈനയില്‍ പാലില്‍ മായം ചേര്‍ത്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി. പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും വിഷാംശം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്തതിനുമാണ് ശിക്ഷ നടപ്പാക്കിയത്. ഴാങ് യുജുന്‍, ജെന്‍ ജിന്‍പിംഗ് എന്നിവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ മുനിസിപ്പല്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതിയുടെ അന്തിമാനുമതി ലഭിക്കാത്തതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. കടുത്ത വിഷം ശരീരത്തില്‍ കുത്തിവച്ചാണ് ഇരുവരുടെയും വധ ശിക്ഷ നടപ്പാക്കിയത്. ചൈനയിലെ ഏവറ്റും വലിയ ഡയറികളിലൊന്നായിരുന്ന സാന്‍ലു ഗ്രൂപ്പിന്‍റെ ജനറല്‍ മാനേജരടക്കം 21 പേരെയാണ് കേസില്‍ കുറ്റക്കാരെന്ന് മുനിസിപ്പല്‍ കോടതി കണ്ടെത്തിയിരുന്നത്.
മായം കലര്‍ന്ന പാല്‍ കഴിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ ആറോളം കുഞ്ഞുങ്ങള്‍ മരണമടയുകയും 30000ത്തോളം കുട്ടികള്‍ക്ക് വിഷബാധ ഏല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്കുകളും വളവും മറ്റും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന മെലാമൈന്‍ എന്ന രാസവസ്തു 22ഓളം ചൈനീസ് ഡയറി കമ്പനികളുടെ പാല്‍ ഉത്പന്നങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇത് കിഡ്നിയില്‍ കല്ലുകള്‍ ഉണ്ടാക്കുകയും പ്രവര്‍ത്തനം തകരാറിലാക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള പാലും പാല്‍ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ അടക്കമുള്ള രജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബീജിംഗ് ഒളിമ്പിക്സിന് തിരിച്ചടിയാവാതിരിക്കാന്‍ സംഭവം ചൈനീസ് സര്‍ക്കാര്‍ മൂടിവയ്ക്കുകയായിരുന്നു.