ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തതിനും രണ്ട് വര്‍ഷം മുന്‍പേ നടത്താന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ തീരുമാനിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരത്തേയുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ രാജപക്സെ ഒപ്പിട്ടതായി സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് രാജപക്സെ മുന്നണി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. രാജപക്സെ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അഭ്യൂഹം പരന്നിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് രാജപക്സെ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വരും ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
തമിഴ്പുലികള്‍ക്കുമേല്‍ അന്തിമമായ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജപക്സെ തെരഞ്ഞെടുപ്പ് നേരത്തേ നടത്താന്‍ പദ്ധതിയിടുന്നത്. പുലികള്‍ക്ക് മേല്‍ നേടിയ വിജയത്തെത്തുടര്‍ന്ന് ലങ്കന്‍ ജനതയ്ക്കിടയില്‍ രാജപക്സെയുടെ ജനപ്രീതി വര്‍ധിച്ചു എന്ന കണക്കുകൂട്ടലാണ് ഭരണമുന്നണിക്ക് പൊതുവെയുള്ളത്. അതുകൊണ്ട് തന്നെ എല്‍ ടി ടി ഇയുടെ മേല്‍ നേടിയ വിജയം തന്നെയാകും തെരഞ്ഞെടുപ്പിന്‍റെ പ്രധാന വിഷയം.
എന്നാല്‍, പുലികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച ശരത് ഫൊന്‍സേക സൈനിക മേധാവി സ്ഥാനം രാജിവച്ച് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. രാജപക്സെയുടെ എതിരാളിയായി ഫൊന്‍സേകയെത്തന്നെ പ്രതിപക്ഷം രംഗത്തിറക്കിയാല്‍ മത്സരം കടുത്തതാകും എന്നാണ് വിലയിരുത്തല്‍. രാജിക്കത്തില്‍ കടുത്ത ആരോപണങ്ങളാണ് രാജപക്സക്കെതിരെ ഫൊന്‍സേക ഉന്നയിച്ചിരുന്നത്.