വാഷിംഗ്ടന്‍, ഞായര്‍, 22 നവംബര്‍ 2009( 13:01 IST )
അന്തരിച്ച അമേരിക്കന്‍ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്റെ ഗ്ലൌസ് 350,000 ഡോളറിന് ലേലം ചെയ്തു. തന്റെ ആദ്യ ‘മൂണ്‍ വാക്ക്’ പരിപാടിക്ക് അണിഞ്ഞ കല്ലുകള്‍ പതിപ്പിച്ച വെള്ള ഗ്ലൌസാണ് ലേലം ചെയ്തത്.
വ്യാപാരിയായ ഹോഫ്മാനാണ് പോപ് രാജാവിന്റെ സ്മൃതി വസ്തു സ്വന്തമാക്കിയത്. വില ഇപ്പോഴുള്ളതിലും കൂടുതല്‍ ആയിരുന്നാലും അത് സ്വന്തമാക്കാന്‍ തീരുമാനിച്ചാണ് ലേലത്തിനെത്തിയത് എന്ന് ഹോഫ്മാന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതേസമയം, പ്രതീക്ഷിച്ച വിലയുടെ ഒമ്പത് ഇരട്ടി ലഭിച്ചു എന്നാണ് ലേലത്തിന്റെ സംഘാടകര്‍ പറയുന്നത്.
ഒമ്പത് ഇനങ്ങളായിരുന്നു ലേലത്തിനെത്തിയത്. 1989 ലെ ‘ബാഡ്’ ടൂറില്‍ ജാക്സന്‍ അണിഞ്ഞ കറുത്ത നിറമുള്ള ജാക്കറ്റ് 225,000 ഡോളറിനും പോപ് രാജാവിന്റെ ഫെദോറ തൊപ്പി 22,000 ഡോളറിനുമാണ് വിറ്റഴിച്ചത്.
ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ലോകമെമ്പാടും നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ജാക്സ്ന്റെ സ്മൃതി വസ്തുക്കളാണ് മര്‍ലിന്‍ മണ്‍റോയുടെ സ്മൃതി വസ്തുക്കളെക്കാള്‍ ജന ശ്രദ്ധ ആകര്‍ഷിക്കുന്നത് എന്ന് ലേലം സംഘടിപ്പിച്ചവര്‍ അഭിപ്രായപ്പെടുന്നു.