പാകിസ്ഥാനിലെ മുക്കാല്‍ ഭാഗം ജനങ്ങളും പാകിസ്ഥാനികള്‍ എന്നതിനേക്കാള്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൌണ്‍സിലിന്‍റെ റിപ്പോര്‍ട്ടിലാണ് 75 ശതമാനം പാകിസ്ഥാനികളും മുസ്ലീം എന്നതിന് ആദ്യ പരിഗണനയാണ് നല്‍കുന്നതെന്നും രാജ്യത്തിന് രണ്ടാം സ്ഥാനമാണെന്നും പറയുന്നത്.
പാക് ജനതയുടെ പത്ത് ശതമാനത്തിന് മാത്രമാണ് സര്‍ക്കാര്‍, കോടതി, പൊലീസ് എന്നിവയില്‍ വിശ്വാസമുള്ളത്. 14 ശതമാനം പേര്‍ മാത്രമാണ് പാകിസ്ഥാനി എന്നറിയപ്പെടുന്നതിന് പ്രാഥമിക പരിഗണന നല്‍കുന്നത്. പാകിസ്ഥാനിലെ യുവാക്കളില്‍ ഭൂരിഭാഗവും മുസ്ലീം എന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഈ അനുപാതത്തിലാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി ചെറുപ്പക്കാര്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ചിന്തിച്ച് പോരുന്നത്. പതിനഞ്ച് ശതമാനം യുവാക്കള്‍ മാത്രമാണ് രാജ്യം ശരിയായ ദിശയിലാണ് പോകുന്നത് വിശ്വസിക്കുന്നത്. വിദ്യാഭ്യാസമാണ് പ്രധാന പ്രശ്നമെന്നും ഇത് ഉടന്‍ പരിഹരിക്കണമെന്നും 92 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
രാജ്യത്തിനെതിരെയുള്ള അസംതൃപ്തി യുവാക്കള്‍ക്കിടയില്‍ സര്‍വ്വ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജനാധിപത്യം രാജ്യത്തിന് യോജിച്ചതാണെന്ന് മൂന്നില്‍ ഒരു ഭാഗം മാത്രമാണ് വിശ്വസിക്കുന്നത്. ശരിയത്ത് നടപ്പാക്കണമെന്നാണ് മറ്റുള്ളവരുടെ വാദം.