വടക്കുകിഴക്കന്‍ ചൈനയിലെ സിന്‍സിങ്ങ് കല്‍ക്കരി ഖനിയില്‍ ശനിയാഴ്ച രാവിലെ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ഖനിയില്‍ കുടുങ്ങിയ 21 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഞായറാഴ്ചയും തുടരുകയാണ്.
ശനിയാഴ്ച വെളുപ്പിന് 2:30 ഓടെയാണ് റഷ്യന്‍ അതിര്‍ത്തിയിലുള്ള ഖനിയില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 528 തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ഖനിയുടെ ഓഹരികള്‍ അടുത്ത വില്‍ക്കുന്നത് അടുത്ത 10 വര്‍ഷത്തേക്ക് വിലക്കുമെന്നാണ് സൂചന. സുരക്ഷാ നടപടികളില്‍ ഉണ്ടായ പാളിച്ചകാരണമാണിത്.
ചൈനീസ് ഉപ പ്രധാനമന്ത്രി ഴാംഗ് ദീജിയാംഗ് അപകട സ്ഥലം സന്ദര്‍ശിച്ചു. ഖനിയുടെ നിയന്ത്രണം നടത്തിയിരുന്ന ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതായി ഖനിയുടമകള്‍ അറിയിച്ചു.
സുരക്ഷാ വീഴ്ച മൂലം ചൈനയിലെ കല്‍ക്കരി ഖനികളില്‍ അപകടമുണ്ടാവുക സാധാരണമാണ്. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഈ വര്‍ഷം ആദ്യത്തെ ഏഴ് മാസക്കാലം ഇത്തരത്തിലുള്ള അപകടങ്ങളില്‍ 12 ശതമാനം കുറവ് വരുത്താനായി എന്ന് ചൈന സര്‍ക്കാര്‍ അവകാശപ്പെടുന്നു.