അമേരിക്കന്‍ പ്രസിഡന്‍റെന്ന നിലയില്‍ ബറാക് ഒബാമയുടെ ജനപ്രീതി വീണ്ടും ഇടിഞ്ഞു. ഇന്നലെ പുറത്തിറക്കിയ പുതിയ സര്‍വെ അനുസരിച്ച് 49 ശതമാനം പേര്‍ മാത്രമേ പ്രസിഡന്‍റെന്ന നിലയില്‍ ഒബാമയേ അംഗീകരിക്കുന്നുള്ളൂ. ജനുവരിയില്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഒബാമയുടെ ജനപ്രീതി 50 ശതമാനത്തിനും താഴെ ആവുന്നത്.
ആരോഗ്യ ബില്ലിനെക്കുറിച്ചുളള തുടര്‍ച്ചയായ സംവാദങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതും ഒബാമയുടെ ജനപ്രീതി ഇടിവു കുറയാന്‍ കാരണമായതായാണ് സൂചന. ജൂലൈ മാസത്തില്‍ 60 ശതമാനമായിരുന്നു ഒബാമയുടെ ജനപ്രീതി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരമേറ്റ പ്രസിഡന്‍റുമാരില്‍ അതിവേഗം ജനപ്രീതി ഇടിഞ്ഞവരില്‍ നാലാം സ്ഥാനത്താണ് ഒബാമ ഇപ്പോള്‍.
മുന്‍ പ്രസിഡന്‍റുമാരായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ് അധികാരമേറ്റ് മൂന്നു മാസത്തിനകം ജനപ്രീതിയില്‍ 50 ശതമാനം താഴെ എത്തിയപ്പോള്‍ ബില്‍ ക്ലിന്‍റണ്‍ നാലുമാസത്തിനകം 50ല്‍ താഴെ എത്തി. ഒബാമയെപ്പോലെ അധികാരമേറ്റ് പത്താം മാസത്തില്‍ ജനപ്രീതി 50 ശതമാനത്തി താഴെയെത്തിയ മറ്റൊരു പ്രസിഡന്‍റ് റൊണാള്‍ഡ് റീഗനാണ്. ഒബാമയിലുണ്ടായിരുന്ന അമിത പ്രതീക്ഷയാണ് ജനപ്രീതി ഇത്രപെട്ടെന്ന് ഇടിയാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.