കണികാ പരീക്ഷണം ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു. പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്‌ടിച്ചു പ്രപഞ്ചത്തിന്‍റെ ഉല്പത്തി-ഘടനാ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ക്കുകയാണു കണികാ പരീക്ഷണത്തിന്‍റെ ലക്‌ഷ്യം.
ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് വീണ്ടും കണികാ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് പഠിക്കാന്‍ കണികാ പരീക്ഷണം തുടങ്ങിയത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തി വയ്ക്കുകയായിരുന്നു.
കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാര്‍ നേരത്തെ പരീക്ഷണത്തെ തടസപ്പെടുത്തിയിരുന്നു.
യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണു പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്. അതിവേഗം സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ദ്രവ്യത്തിനു പിണ്ഡം എന്ന ഗുണം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന ദൈവ കണത്തെയും കണ്ടെത്താമെന്നാണു ശാസ്‌ത്രജ്ഞരുടെ പ്രതീക്ഷ.