ലോകത്ത് കുട്ടികള്‍ക്ക് പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങള്‍ക്ക് പിറന്നു വീഴാന്‍ പറ്റാത്ത ഇടമാണ് അഫ്ഗാനെന്ന് യുണിസെഫ്. സംഘടനയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് അഫ്ഗാനെ പിറന്നുവീഴാന്‍ പറ്റാത്ത ഇടമായി യുണിസെഫ് ചിത്രീകരിച്ചിട്ടുള്ളത്.
ലോകത്ത് ശിശുമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് അഫ്ഗാന്‍. ഓരോ 1000 ശിശുക്കള്‍ ജനിക്കുമ്പോള്‍ 257പേര്‍ മരണത്തിനിരയാകുന്നു. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ല. താലിബാന്‍ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ കൂടുന്നതിനൊപ്പം മതിയായ കുത്തി വയ്പ്പ് സൌകര്യങ്ങള്‍ ഇല്ലാത്തതും പോഷകാഹാര കുറവും പകര്‍ച്ച വ്യാധികളുമെല്ലാം അഫ്ഗാനെ കുട്ടികളുടെ നരകമാക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം അഫ്ഗാനിലെ 317 സ്കൂളുകള്‍ക് നേരെ താലിബാന്‍ ആക്രമണമുണ്ടായി. ഇതില്‍ 124 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 290 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതായി യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ സ്കൂളുകള്‍ക്ക് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളാണ് സ്കൂളുകളിലെ ഹാജര്‍ നില കുറയാന്‍ കാരണം.