വാഷിംഗ്ടണ്‍, വെള്ളി, 20 നവംബര്‍ 2009( 10:06 IST )
PRO
അഫ്ഗാന് അതിര്‍ത്തിവഴിയുള്ള ഭീകരവാദം പാകിസ്ഥാനില്‍ വര്‍ധിക്കുന്നതായി യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍. ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ ഇസ്ലാമബാദിനു മേല്‍ യു എസ് തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്നും ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിലാരി പറഞ്ഞു.
താലിബാനെതിരായ പോരാട്ടം ശക്തമാക്കുമ്പോള്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ അഭയം തേടുമെന്നതിനാല്‍ അഫ്ഗാന് ഒറ്റയ്ക്ക് താലിബാനെ അമര്‍ച്ച ചെയ്യാനാവില്ല. അതു പോലെ രാജ്യത്തിനും ജനങ്ങള്‍ക്കും ഭീഷണിയായ തീവ്രവാദികളെ തുരത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് അഫ്ഗാനില്‍ അഭയം തേടാനുവുമെങ്കില്‍ പാകിസ്ഥാനും നിസ്സഹായരാവും.
അതിനാലാണ് തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ അഫ്ഗാനെയും പാകിസ്ഥാനെയും ഒരുമിച്ച് കാണാന്‍ യു എസ് നിര്‍ബന്ധിതരാവുന്നതെന്നും ഹിലാരി പറഞ്ഞു. വസീരിസ്ഥാനില്‍ താവളമടിച്ചിട്ടുള്ള താലിബാന്‍ തീവ്രവാദികളെ തുരത്താനായി പാക് സൈന്യം കഠിന പ്രയത്നം നടത്തുന്നുണ്ടെന്നും ഹിലാരി വ്യക്തമാക്കി. എങ്കിലും അവസാന തീവ്രവാദിയെ വരെ തുരത്തുന്നതുവരെ ഇക്കാര്യത്തില്‍ പാകിസ്ഥാനുമേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടാകും.