ഹമീദ് കര്‍സായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിരവധി വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഇത് രണ്ടാം തവണയാണ് കര്‍സായി അഫ്ഗാന്‍ പ്രസിഡന്‍റാകുന്നത്.
യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍, പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, ബ്രട്ടീഷ്, ഫ്രഞ്ച്, തുര്‍ക്കി വിദേശകാര്യ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം മുന്നൂറോളം വിദേശ നയതന്ത്രജ്ഞര്‍ അടക്കം എണ്ണൂറിലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇസ്ലാമിന്‍റെ നാമത്തിലാണ് കര്‍സായി സത്യപ്രതിജ്ഞ ചെയ്തത്.
ഓഗസ്റ്റ് 20നായിരുന്നു അഫ്ഗാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. താലിബാന്‍ ഭീഷണിയും അഫ്ഗാനിലെ സേനയെ ഉയര്‍ത്താന്‍ ലക്‍ഷ്യമിട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദവുമായിരിക്കും കര്‍സായി നേരിടുന്ന പ്രധാന വെല്ലുവിളി. അഫ്ഗാനിലേക്ക് 40,000 സൈനികരെ കൂടുതല്‍ അയയ്ക്കാനാണ് ഒബാമ പദ്ധതിയിടുന്നത്.