ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്‌മാന്‍ വധക്കേസില്‍ 12 പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. പ്രതികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ കോടതി തള്ളി. ധാക്ക കോടതി 1998ല്‍ വിധിച്ച വധശിക്ഷയാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.
12 പ്രതികള്‍ക്കാണ് ധാക്ക കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഇവരില്‍ ഏഴുപേര്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടുകയാണുണ്ടായത്. ശേഷിക്കുന്ന അഞ്ചുപേര്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപ്പീലുകള്‍ കോടതി തള്ളുകയാണുണ്ടായത്.
1975 ആഗസ്ത് 15ന് സൈനിക അട്ടിമറിക്കിടെയാണ് മുജീബ് റഹ്‌മാനും കുടുംബവും അതിദാരുണമായി കൊലചെയ്യപ്പെട്ടത്. 34 വര്‍ഷത്തിന് മുമ്പ് നടന്ന ഈ സംഭവത്തിന്‍റെ അന്തിമ വിധിയറിയാന്‍ ബംഗ്ലാദേശ് ജനത കാത്തിരിക്കുകയായിരുന്നു.
വിധി പ്രസ്താവിക്കുമ്പോള്‍ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. കോടതി ബഞ്ചിലെ അഞ്ച് ജഡ്‌ജിമാര്‍ക്കുമായി ആയുധധാരികളായ പൊലീസുകാരും റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനുമാണ് അകമ്പടി സേവിച്ചത്. കോടതിയിലും പരിസരത്തുമായി ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു.