ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈനയുമായുള്ള ബന്ധം: ആശങ്ക വേണ്ടെന്ന് അമേരിക്ക (India should not be concerned over China ties:US)
Feedback Print Bookmark and Share
 
PRO
ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വാഷിംഗ്ടണ്‍. മധ്യേഷ്യയുടെയും ദക്ഷിണമേഖലയുടെയും ചുമതലയുള്ള അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്‍റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയോടുള്ളതിന് തുല്യമായ ബന്ധം അമേരിക്കയ്ക്ക് ഇന്ത്യയോടുമുണ്ടെന്ന് ബ്ലേക്ക് വ്യക്തമാക്കി.

യു‌എസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ചൈന സന്ദര്‍ശനത്തില്‍ നടത്തിയ പ്രസ്താവനകള്‍ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ബ്ലേക്ക്. ഒബാമയുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്താന്‍ പിന്തുണ നല്‍കുമെന്ന് ഇരു രാജ്യങ്ങളും പ്രതിജ്ഞ ചെയ്തിരുന്നു. ഒപ്പം ടിബറ്റിനെ ചൈനയുടെ ഭാഗമായിട്ടാണ് അമേരിക്ക കാണുന്നതെന്നും ഒബാമ വ്യക്തമാക്കിയിരുന്നു. ഈ രണ്ട് പ്രസ്താവനകളും ഇന്ത്യയുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാ‍കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നാമതൊരു രാജ്യത്തിന്‍റെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലായം തുറന്നടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലേക്കിന്‍റെ വിശദീകരണം.

ചൈനയുമായി അമേരിക്കയ്ക്ക് തന്ത്രപ്രധാന ബന്ധമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ബ്ലേക്ക് അതേ പ്രാധാന്യത്തോടെ ഇന്ത്യയുമായും വാഷിംഗ്ടണ്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇക്കാര്യത്തിലെ ആശങ്ക ദൂരീകരിക്കാനാകുമെന്നും ബ്ലേക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.

അഫ്ഗാനെയും പാകിസ്ഥാനെയും പുനരുദ്ധരിക്കാനുള്ള ചൈനയുടെ മനസിനെ സ്വാഗതം ചെയ്ത ബ്ലേക്ക് അഫ്ഗാന്‍റെ കാര്യത്തില്‍ ചൈനയ്ക്ക് കൂടുതല്‍ പങ്ക് വഹിക്കാനാകുമെന്നും പറഞ്ഞു. അഫ്ഗാനില്‍ ചൈനയ്ക്ക് ശക്തമായ നിക്ഷേപങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബ്ലേക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെ വേണമെന്ന് ഇരുരാജ്യങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും ബ്ലേക്ക് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍