അഫ്ഗാനില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഹാമിദ് കര്‍സായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തലസ്ഥാന നഗരിയായ കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ഇത് രണ്ടാം തവണയാണ് കര്‍സായി അഫ്ഗാന്‍ പ്രസിഡന്‍റാകുന്നത്.
അഫ്ഗാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍, പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, ബ്രട്ടീഷ്, ഫ്രഞ്ച്, തുര്‍ക്കി വിദേശകാര്യ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടെ ഏതാണ്ട് മുന്നൂറോളം വിദേശ നയതന്ത്രജ്ഞര്‍ ചടങ്ങില്‍ സംബന്ധിക്കും. അഫ്ഗാന്‍ ജനതയുമായി ഒരു പുതിയ കരാര്‍ ഉണ്ടാക്കാനുള്ള അവസരമാണ് ഹമിദ് കര്‍സായിക്കും പുതിയ സര്‍ക്കാരിനും കൈവന്നിരിക്കുന്നതെന്ന് ഹിലരി ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഉത്തരവാദിത്വത്തിലൂടെ പ്രകടമായ ഫലം ഉണ്ടാക്കുകയാണെങ്കില്‍ അഫ്ഗാന്‍ ജനതയുടെ ജീവിതരീതിയും മെച്ചപ്പെടുത്താനാകുമെന്ന് ഹിലരി ചൂണ്ടിക്കാട്ടി. അതേസമയം ഭരണത്തിലെത്തുന്ന കര്‍സായിയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണെന്ന് നയത്രന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
താലിബാന്‍ ഭീഷണിയും അഫ്ഗാനിലെ സേനയെ ഉയര്‍ത്താന്‍ ലക്‍ഷ്യമിട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദവുമായിരിക്കും കര്‍സായി നേരിടുന്ന പ്രധാന വെല്ലുവിളി. അഫ്ഗാനിലേക്ക് 40,000 സൈനികരെ കൂടുതല്‍ അയയ്ക്കാനാണ് ഒബാമ പദ്ധതിയിടുന്നത്.