ഒരു പുതിയ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ ആണവശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പാകിസ്ഥാന്‍ ആണവപദ്ധതികളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് അമേരിക്കയ്ക്ക് കൈമാറിയെന്നാണ് ഖാന്‍ ആരോപിക്കുന്നത്.
ഇതിന്‍റെ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും നിയമത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും എ ക്യു ഖാന്‍ അറിയിച്ചു. പാകിസ്ഥാന്‍റെ വര്‍ഷങ്ങളായുള്ള ആണവ പദ്ധതികളുടെയും മറ്റും രഹസ്യങ്ങളാണ് മുഷറഫ് അമേരിക്കയ്ക്ക് നല്‍കിയതായി ഖാന്‍ ആരോപിച്ചിട്ടുള്ളത്.
തന്നെ അമേരിക്കയ്ക്ക് കൈമാറാന്‍ മുഷറഫ് തയ്യാറായിരുന്നുവെന്നും അന്നത്തെ പാക് പ്രധാനമന്ത്രി മിര്‍ സഫറുള്ളാ ഖാന്‍ ജമാലിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്നും എ ക്യു ഖാന്‍ വെളിപ്പെടുത്തി. തന്നെ അമേരിക്കയ്ക്ക് കൈമാറാനായി ജമാലിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ അദ്ദേഹം ഒപ്പുവച്ചില്ലെന്നും ഖാന്‍ പറഞ്ഞു.
അമേരിക്കയുടെ പിണിയാളാണ് മുഷറഫ്. അമേരിക്കയ്ക്ക് കൈമാറിയ ആണവരഹസ്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഷറഫിനെതിരെ അന്വേഷണവും വിചാരണയും നടത്തണം. ഇസ്രയേല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി മുഷറഫിനുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. അമേരിക്കയ്ക്ക് മുഷറഫ് എന്തൊക്കെ വിവരങ്ങള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയൂ - എ ക്യു ഖാന്‍ പറയുന്നു.