ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ യുദ്ധത്തിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ഇന്ത്യ-പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ താമസിക്കുന്നത് ഭീകരര്‍ മുതലെടുക്കുമെന്നും ഗിലാനി പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് പാകിസ്ഥാന്‍ ലക്‍ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചകള്‍ മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗം എന്നും ഗിലാനി മുള്‍ട്ടാണില്‍ നടത്തിയ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
ചര്‍ച്ചകള്‍ തുടരാനുള്ള ആഗ്രഹം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ തന്ത്രപ്രധാനമായ സ്ഥാനത്തെ കുറിച്ചും ഭീകരവിരുദ്ധ യുദ്ധത്തില്‍ രാജ്യത്തിന്റെ പോരാട്ടത്തെ കുറിച്ചും ലോക രാഷ്ട്രങ്ങള്‍ക്ക് അറിയാം. എന്നാല്‍, ചര്‍ച്ച തുടരാന്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഭീകരര്‍ക്ക് ഗുണം ചെയ്യും.
പാകിസ്ഥാന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഭീകരവിരുദ്ധ യുദ്ധത്തില്‍ മാത്രമാണെന്നും ഗീലാനി മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.