അഫ്ഗാനിലേക്ക് കൂടുതല്‍ സേനയെ അയയ്‌ക്കണമെന്ന് യുകെ
ലണ്ടന്‍, വെള്ളി, 13 നവംബര്‍ 2009( 13:04 IST )
PRO
PRO
താലിബാനെതിരെ പോരാട്ടം നടക്കുന്ന അഫ്‌ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാനായി സഖ്യകക്ഷികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബ്രിട്ടണ്‍. സഖ്യ കക്ഷികള്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ 500 ബ്രിട്ടീഷ് സൈനികരെക്കൂടി അഫ്‌ഗാനിലേക്ക് നിയോഗിക്കാന്‍ തയ്യാറാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ പറഞ്ഞു.
5000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അധികമായി നിയോഗിക്കുന്നതിനായി 43 അംഗ സഖ്യരാജ്യങ്ങളുമായി പ്രതിരോധ സെക്രട്ടറി ബോബ് അയിന്‍സ്‌വര്‍ത്ത് ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ 9000 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിലുള്ളത്.
അതേസമയം, അഫ്‌ഗാനില്‍ 40000 സൈനികരെക്കൂടി അധികമായി നിയോഗിക്കുന്നതിനെക്കുറിച്ച് അമേരിക്ക ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. 30000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അധികമായി നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് അഫ്‌ഗാനിലെ യു എസ് സൈനിക ജനറല്‍ സ്റ്റാന്‍ലി മക് ക്രിസ്‌റ്റലിനെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ സഖ്യസേനയിലെ 71000 അംഗങ്ങളാണ് അഫ്ഗാനില്‍ താലിബാനെതിരെ പോരാട്ടം നയിക്കുന്നത്. ഇതില്‍ പകുതിയും അമേരിക്കന്‍ സൈനികരാണ്. ഇതിനു പുറമെ ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി 36000 അമേരിക്കന്‍ സൈനികര്‍ കൂടി അഫ്ഗാനിലുണ്ട്.