ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റിലായ യുഎസ് പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കേസ് സംബന്ധിച്ച് ഇന്ത്യയോട് വിശദീകരിച്ചിട്ടുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ടിം റൊയെമെര്‍ ആണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയതെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ ഹെഡ്‌ലിയെ ഉപയോഗിച്ച് ലഷ്കര്‍ മുംബൈ മോഡല്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എഫ്‌ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിരുന്നു. കേസിന്‍റെ ഗൌരവത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് ഇയാന്‍ കെല്ലി പറഞ്ഞു.
എന്നാല്‍ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കെല്ലി തയ്യാറായില്ല. നിയമവിധേയമായി കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും നീതിപീഠത്തിന് മുന്നില്‍ കേസിന്‍റെ വിശദാംശങ്ങള്‍ എത്തിക്കുമെന്നുമായിരുന്നു കെലിയുടെ പ്രതികരണം.
ഹെഡ്‌ലിയെയും കൂട്ടുകാരനായ തഹാവുര്‍ ഹുസൈന്‍ റാണയെയും ആണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം പിടികൂടിയത്. ലഷ്കര്‍ നേതാക്കളുമായി ഇരുവര്‍ക്കും അടുത്ത ബന്ധമുണ്ടെന്നും പാകിസ്ഥാനില്‍ നിരവധി തവണ ഇവര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.