ഉത്തരകൊറിയയിലേക്ക് ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയയ്ക്കാന്‍ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ ആണവായുധങ്ങളുടെ നിര്‍മ്മാണം നല്ലതിന് വേണ്ടിയാണെന്ന് ഉത്തരകൊറിയ ബോധ്യപ്പെടുത്തണമെന്ന് യു എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇന്ധന സമ്പുഷ്ടീകരണത്തിന്‍റെ വാര്‍ത്ത ഔദ്യോഗിക വെബ്സൈറ്റിലൂടെ കൊറിയ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ തീരുമാനം. നേരത്തെ അമേരിക്ക നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കൊറിയന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആണവനിരായുധീകരണം സംബന്ധിച്ച് ആറ് രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഉത്തരകൊറിയയുടെ ഉത്തരവാദിത്വവും ബാധ്യതയും ബോധ്യപ്പെടേണ്ടതുണ്ടെന്ന് വൈറ്റ് ഹൌസിലെ ദേശീയ സുരക്ഷാ കൌണ്‍സിലിലെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സീനിയര്‍ ഡയറക്ടര്‍ ജെഫൊ ബേഡര്‍ പറഞ്ഞു.
ഇക്കാര്യം ബോധ്യപ്പെട്ടാല്‍ ഉത്തരകൊറിയയുമായി ഉഭയകക്ഷി കരാര്‍ ഉണ്ടക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു വിസമ്മതവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനം ഉത്തരകൊറിയയ്ക്ക് വേണ്ടിയുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീഫന്‍ ബോസ്‌വര്‍ത്ത് ഉത്തരകൊറിയ സന്ദര്‍ശിക്കുമെന്ന് കൊറിയന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബേഡര്‍ ഇത് നിഷേധിച്ചു. ഇത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബേഡര്‍ പറഞ്ഞു.